സെറിബ്രെല്‍പാള്‍സി ബാധിതര്‍ക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല
കൊയിലാണ്ടി: സെറിബ്രല്‍ പാള്‍സി ബാധിതര്‍ക്ക് ഭിന്നശേഷിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്ന നിയമം ഇവരുടെ ജീവിതം ദുരിതത്തിലാക്കുന്നു. ശരീരംതളര്‍ത്തിയ മാരകരോഗത്തോട് പൊരുതിനില്‍ക്കാനുള്ള മനക്കരുത്ത് പലര്‍ക്കുമുണ്ട്. പക്ഷേ, സഹായമെത്തിക്കാന്‍ ബാധ്യതപ്പെട്ടവരുടെ മനസ്സ്തുറപ്പിക്കാനാവാതെ പ്രയാസത്തിലാണ് സെറിബ്രെല്‍പാള്‍സി ബാധിച്ച വിദ്യാര്‍ഥികള്‍. ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്കോ, യാത്രബത്തയോ ഒന്നുമില്ല. പരീക്ഷയെഴുതാന്‍ സഹായിയെ ലഭിക്കുന്നത് മാത്രമാണ് സര്‍ക്കാര്‍ ആനുകൂല്യം.
ഭിന്നശേഷിക്കര്‍ക്കുള്ള ഗ്രേസ്മാര്‍ക്കുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിയമത്തിലെ അവ്യക്തതമൂലമാണ് ലഭിക്കാതെ പോകുന്നത്. സെറിബ്രല്‍ പാള്‍സി ഞരമ്പിനെ ബാധിക്കുന്ന രോഗമാണെന്ന് തെളിയിക്കണമെന്നതാണ് ഗ്രേസ്മാര്‍ക്കിന് അപേക്ഷിച്ച ചിലര്‍ക്ക് ലഭിച്ച നിര്‍ദേശം. അതും മെഡിക്കല്‍ ബോര്‍ഡിന്റേതാവണം തീരുമാനം. എന്നാല്‍, സാധാരണ മെഡിക്കല്‍ ബോര്‍ഡുകളില്‍ ഞരമ്പു രോഗ വിദ്ഗ്ധന്‍ ഉണ്ടാവാറില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ന്യൂറോളജിസ്റ്റിനെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡുണ്ടാക്കാന്‍ രോഗംബാധിച്ച കുട്ടികള്‍ക്കോ അവരുടെ രക്ഷിതാക്കള്‍ക്കോ കഴിയില്ല.

സെറിബ്രെല്‍പാള്‍സി ശരീരത്തെ ആകെ ബാധിക്കുമെന്നിരിക്കെ, എന്തിനാണ് ആനുകൂല്യം നല്‍കുന്നതിന് ഇത്തരം വ്യവസ്ഥകളെന്ന് ഡോക്ടര്‍മാരുള്‍പ്പെടെആര്‍ക്കും മനസ്സിലാകുന്നില്ല. പ്ലസ്-ടു പരീക്ഷയ്ക്ക് സഹായിയായി നല്‍കുന്നത് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയെയാണ്. ഇത് ഏറെ പ്രയാസമാണുണ്ടാക്കുന്നത്. ഇവര്‍ക്ക് വിഷയത്തെക്കുറിച്ച് ധാരണയുണ്ടാവാറില്ലെന്നതാണ് കാരണം. ഇതുമൂലം മാര്‍ക്ക്കുറയുന്നതായാണ് പരാതി. സഹായിയായി അധ്യാപകനെയോ പ്ലസ്-ടു നിലവാരമെങ്കിലുമുള്ള വിദ്യാര്‍ഥിയെയോ ഏര്‍പ്പെടുത്തിയാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ഗ്രേസ് മാര്‍ക്കുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിഹാരംതേടി സ്‌കൂളധികൃതര്‍ മുതല്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കുവരെ അപേക്ഷകള്‍ നല്‍കി കാത്തിരിക്കയാണ് രോഗബാധിത വിദ്യാര്‍ഥികളും രക്ഷിതാക്കളും. തീരുമാനം വൈകിയാല്‍ പലര്‍ക്കും ഗുണമില്ലാതാവും. രോഗത്തിന്റെ ദുരിതവും അധികാരികളുടെ അവഗണനയും ഒന്നിച്ചനുഭവിക്കുന്ന കുട്ടികള്‍ സംസ്ഥാനത്ത് കുറേയുണ്ട്. എണ്ണത്തില്‍ കുറവായതിനാല്‍ അവകാശങ്ങള്‍ ചോദിച്ച് വാങ്ങാനൊന്നും ഇവര്‍ക്കാവുന്നില്ല. ജീവിക്കാന്‍ ഇത്രയേറെ കഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് എന്തുകൊണ്ടാണ് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതെന്ന് വ്യക്തമാക്കാന്‍ അധികാരികള്‍ക്ക് ബാധ്യതയുണ്ട്.

