സുശീൽ കൊയ്രാള അന്തരിച്ചു

കാഠ്മണ്ഡു <> നേപ്പാൾ മുൻ പ്രധാനമന്ത്രിയും നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡൻറുമായ സുശീൽ കൊയ്രാള അന്തരിച്ചു. 77 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ തലസ്ഥാനമായ കാഠ്മണ്ഡുവിലായിരുന്നു അന്ത്യം.
2014 ഫെബ്രുവരിയിലാണ് നേപ്പാൾ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി 1954 ൽ രാഷ്ട്രീയ പ്രവേശം. 1960 ൽ രാജഭരണം പ്രഖ്യാപിച്ചതിനെ തുടർന്ന് 16 വർഷത്തോളം ഇന്ത്യയിൽ കഴിഞ്ഞു.

നേപ്പാളി കോൺഗ്രസ് പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കൊയ്രാളയുടെ മരണം. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ കൊയ്രാളയുമുണ്ടായിരുന്നു. കൊയ്രാളയുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടപടികൾ പാർട്ടി നിർത്തിവെച്ചു.

