KOYILANDY DIARY

The Perfect News Portal

സി.പി.ഐ.എം നേതാവിന്റെ വീടിനുനേരെ ബോംബേറ്

കൂത്തുപറമ്പ് :  സിപിഐ എം ചെറുവാഞ്ചേരി ലോക്കല്‍കമ്മിറ്റിയംഗവും കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ അശോകന്റെ വീടിനുനേരെ ആര്‍എസ്എസ് ബോംബേറ്. സംഭവത്തില്‍ അശോകന്റെ ഗണ്‍മാനും കണ്ണൂര്‍ എആര്‍ ക്യാമ്പിലെ പൊലീസുകാരനുമായ പി രഞ്ജിത്തിന് (29) ഗുരുതരമായി പരിക്കേറ്റു. ആര്‍എസ്എസ് വിട്ട് സിപിഐ എമ്മില്‍ ചേര്‍ന്ന അശോകനുനേരെ ഇതിനുമുമ്പും വധശ്രമവും ഭീഷണിയും ഉണ്ടായിരുന്നു. തുടര്‍ന്നാണ് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്.

വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഘടിച്ചെത്തിയ ആര്‍എസ്എസ്സുകാര്‍ ഉഗ്രസ്ഫോടനശേഷിയുള്ള ബോംബെറിഞ്ഞത്. കാലിന് സാരമായി പരിക്കേറ്റ രഞ്ജിത്തിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ഷകസംഘം ജില്ലാകമ്മിറ്റിയംഗംകൂടിയായ അശോകന്റെ ചെറുവാഞ്ചേരിയിലെ വീടിനുനേരെയാണ് തുടര്‍ച്ചയായി ബോംബെറിഞ്ഞത്. ബോംബേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സംഭവസമയത്ത് അശോകന്‍ വീട്ടിലുണ്ടായിരുന്നു. ബോംബെറിഞ്ഞശേഷം ആര്‍എസ്എസ് അക്രമിസംഘം രണ്ടുഭാഗങ്ങളിലേക്കായി ഓടിരക്ഷപ്പെട്ടു.

ഈമാസം 24ന് ചെറുവാഞ്ചേരിയില്‍ സിപിഐ എം ഓഫീസിന് സ്വന്തം കെട്ടിടം നിര്‍മിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. 24ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശിലാസ്ഥാപനം നിര്‍വഹിക്കാനിരിക്കെയാണ് ബോംബേറ്. ചെറുവാഞ്ചേരിയിലെ സിപിഐ എം ബ്രാഞ്ച്ഓഫീസ് മുപ്പതിലേറെ തവണയാണ് ആര്‍എസ്എസ്സുകാര്‍ തകര്‍ത്തത്. ഇതിനുശേഷമാണ് അശോകനെ ലക്ഷ്യമിട്ട് ആര്‍എസ്എസ് അക്രമിസംഘം എത്തിയത്. അശോകനും കൂട്ടരും സിപിഐ എമ്മില്‍ വന്നതിനെതുടര്‍ന്നാണ് ചെറുവാഞ്ചേരിയില്‍ ഓഫീസ് തുറക്കാനായത്.

Advertisements

ആര്‍എസ്എസിനെ എതിര്‍ക്കുന്നവര്‍ക്ക് വീട്ടില്‍ പോലും രക്ഷ കിട്ടുന്നില്ലെന്നും അശോകനെ കൊലപ്പെടുത്താനാണ് സംഘം ലക്ഷ്യമിട്ടതെന്നും സിപിഐ എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ് പ്രചാരകന്‍മാര്‍ കണ്ണൂരില്‍ മനഃപൂര്‍വം അക്രമം അഴിച്ചുവിടുകയാണെന്നും അശോകന്റെ വീട് സന്ദര്‍ശിച്ച പി ജയരജന്‍ പറഞ്ഞു. അശോകനെ കൊലപ്പെടുത്തുമെന്നു മുമ്പും ആര്‍എസ്എസുകാര്‍ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *