KOYILANDY DIARY

The Perfect News Portal

സി.പി.ഐ.(എം)ന്റെ ആദ്യ സൗജന്യ ഭക്ഷണശാല ആലപ്പുഴയിൽ

ആലപ്പുഴ: വിശന്നു വലയുന്നവര്‍ കയ്യില്‍ പണമില്ല എന്നുകരുതി വിഷമിക്കേണ്ട. ചേര്‍ത്തല പാതിരപ്പള്ളിയില്‍ സിപിഐഎം ആരംഭിക്കുന്ന ഹോട്ടലില്‍ ഭക്ഷണം സൗജന്യമാണ്. ആലപ്പുഴ-ചേര്‍ത്തല റൂട്ടില്‍ പാതിരപ്പള്ളിക്കു സമീപമാണ് ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. വിശക്കുന്നവര്‍ക്ക് ഇവിടെ വന്നാല്‍ ഊണു ലഭിക്കും.

കൈകഴുകി മടങ്ങുമ്ബോള്‍ പൂട്ടുള്ള പണപ്പെട്ടിയോ, കാഷ്യറോ ഭക്ഷണം കഴിക്കാന്‍ വരുന്നവരെ കാത്തിരിപ്പുണ്ടാവില്ല. കൗണ്ടറില്‍ ഒരു ബോക്സ് ഉണ്ടാവും. ഉള്ളറിഞ്ഞ് ഇഷ്ടമുള്ളത് ഇടാം. ഒന്നും ഇടാന്‍ വകയില്ലാത്തവര്‍ക്കും നിറഞ്ഞ സംതൃപ്തിയോടെ സന്തോഷത്തോടെ മടങ്ങാം.

ഇങ്ങനെ സമാഹരിക്കുന്ന തുക നാട്ടിലെ സാന്ത്വന പരിചരണത്തിനാണ് ഉപയോഗിക്കുക. നിലവില്‍ പാതിരപ്പള്ളിയിലെ ദുരിതമനുഭവിക്കുന്ന 40 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷമായി ഭക്ഷണം നല്‍കിവരുന്നുണ്ട്. ഇതിന്റെ ഒരു തുടര്‍ച്ചയെന്നോണമാണ് ഹോട്ടലുമെത്തുന്നത്.

Advertisements

മാര്‍ച്ച്‌ മൂന്നിന് മന്ത്രി തോമസ് ഐസക്ക് ഭക്ഷണശാല പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ഈ ആശയത്തെ പിന്‍തുണയ്ക്കുന്നവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടാവും ഉദ്ഘാടനം നിര്‍വ്വഹിക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കലാസാംസ്കാരികരംഗത്തെ പ്രമുഖരും സാന്ത്വന പ്രവര്‍ത്തകരും പങ്കാളികളാകും.

സിപിഐഎം പാതിരപ്പള്ളി ലോക്കല്‍ കമ്മറ്റി തുടങ്ങിവച്ച പാലിയേറ്റീവ് കെയറിന്റേതാണ് പുതിയ സംരംഭം. 2000ലധികം ആളുകള്‍ക്ക് ഒരേസമയം ഭക്ഷണം പാകംചെയ്യാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റീം കിച്ചണ്‍ സംവിധാനം പതിനൊന്നേകാല്‍ ലക്ഷംരൂപ മുടക്കിയാണ് സ്ഥാപിച്ചിരിക്കുന്നത്.

ഐആര്‍ടിസിയുടെ സഹായത്തോടെ ഏറ്റവും കുറ്റമറ്റ രീതിയിലുള്ള മാലിന്യ സംസ്ക്കരണ സംവിധാനവും ഏറ്റവും ആധുനികമായ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റും 6 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയിട്ടുണ്ട്.

രണ്ടുനിലകളുള്ള ഭക്ഷണശാലയില്‍ താഴെ സ്റ്റീം കിച്ചണും മുകളില്‍ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും, ഭക്ഷണം മുകളില്‍ എത്തിക്കാന്‍ ലിഫ്റ്റ് സംവിധാനവുമുണ്ട്. കെഎസ്‌എഫ്‌ഇയുടെ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്നാണ് ഈ സജ്ജീകരണങ്ങള്‍ക്കുള്ള പണം കണ്ടെത്തിയത്.

ഭക്ഷണശാലയോട് ചേര്‍ന്ന സജീവന്റെ രണ്ടരയേക്കര്‍ പുരയിടത്തില്‍ ഭക്ഷണശാലയ്ക്കാവശ്യമായ പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിനായി ജൈവകൃഷിത്തോട്ടം ഒരുക്കിയിട്ടുണ്ട്.

ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കൃഷിത്തോട്ടം സന്ദര്‍ശിക്കാനും പച്ചക്കറികള്‍ വാങ്ങാനും ഉള്ള സൗകര്യവും ഒരുക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *