സിബിഐ മുന്‍ ഡയറക്ടര്‍ നാഗേശ്വരറാവുവിന് ഒരു ലക്ഷം രൂപ പിഴ; നടപടി കോടതിയലക്ഷ്യക്കേസില്‍

ന്യൂഡല്‍ഹി> സിബിഐ മുന്‍ ഡയറക്ടര്‍ എം നാഗേശ്വരറാവുവിന് കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ശിക്ഷ വിധിച്ചു. കോടതി നിര്‍ദേശം മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനാണ് ശിക്ഷ. നാഗേശ്വര്‍ റാവുവിനോട് കോടതി പിരിയുന്നത് വരെ ശിക്ഷാനടപടിയായി അവിടെ നില്ക്കാന് നിര്‍ദേശിച്ച കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ ശിക്ഷ വിധിച്ചത്.
ബിഹാറിലെ അഭയകേന്ദ്രത്തില്‍ നടന്ന കൂട്ടബലാത്സംഗക്കേസ് അന്വേഷിച്ചിരുന്ന എ കെ ശര്‍മ്മയെ സ്ഥലംമാറ്റിയ നടപടിയാണ് നാഗേശ്വരറാവുവിനെതിരായ ശിക്ഷയിലേക്ക് നയിച്ചത്. കേസില്‍ ഫെബ്രുവരി ഏഴിന് വാദംകേട്ട സുപ്രീംകോടതി നാഗേശ്വരറാവുവിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത് അതീവഗുരുതര നടപടിയാണെന്നും സുപ്രീംകോടതി ഉത്തരവ് കൊണ്ട് കളിക്കരുതെന്നും ചീഫ് ജസ്റ്റിസ് അന്ന് പരാമര്‍ശം നടത്തിയിരുന്നു. ഇതിനുപിന്നാലെ നാഗേശ്വരറാവുവിനോട് നേരിട്ട് ഹാജരാകാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.

കേസില്‍ അഡ്വക്കേറ്റ് ജനറല്‍ കെ കെ വേണുഗോപാലാണ് നാഗേശ്വരറാവുവിന് വേണ്ടി കോടതിയില്‍ ഹാജരായത്. കോടതിയലക്ഷ്യം നടത്തിയ നാഗേശ്വര്‍ റാവുവിന് വേണ്ടി സര്‍ക്കാര്‍ ചെലവില്‍ അഭിഭാഷകര്‍ ഹാജരാകുന്നത് എന്തിന് എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് ശര്‍മ്മയെ സ്ഥലം മാറ്റിയ കാര്യം എന്ത് കൊണ്ട് സുപ്രീം കോടതിയെ രണ്ട് ആഴ്ച അറിയിച്ചില്ലെന്നും സ്ഥലമാറ്റ ഉത്തരവ് രണ്ട് ദിവസം വൈകിച്ചിരുന്നു എങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമായിരുന്നോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. നാഗേശ്വരറാവുവിന്റെ നടപടി തെറ്റാണെന്ന് അംഗീകരിച്ച അഡ്വക്കേറ്റ് ജനറല്‍ സംഭവത്തില്‍ മാപ്പ് അപേക്ഷിക്കുന്നതായി കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളി.

