സിപിഐഎമ്മിന്റെ രാഷ്ട്രീയ അടവുനയം മാറുമെന്ന് സീതാറാം യെച്ചൂരി
ഡൽഹി: സിപിഐഎമ്മിന്റെ രാഷ്ട്രീയ അടവുനയം മാറുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ സാഹചര്യത്തില്‍ പുതിയ നയത്തിന് രൂപം നല്‍കും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗശേഷം യെച്ചൂരി പറഞ്ഞു.
ഒക്ടോബറില്‍ ചേരുന്ന കേന്ദ്രക്കമ്മിറ്റി വിഷയം ചര്‍ച്ചചെയ്യും. 2018 ല്‍ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ അടവുനയം സംബന്ധിച്ച കരട് രൂപരേഖയും സംഘടനാ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യാനാണ് പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നത്. ഒക്ടോബറില്‍ ചേരുന്ന കേന്ദ്രക്കമ്മിറ്റി ഇത് ചര്‍ച്ച ചെയ്ത് അംഗീകരിക്കേണ്ടതുണ്ട്.

രണ്ടുമാറ്റങ്ങളാണ് അടവുനയത്തില്‍ പ്രധാനമായും അവതരിപ്പിക്കുന്നതെന്നാണ് സൂചന. കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ ബന്ധവും, പ്രാദേശിക പാര്‍ട്ടികളുമായുള്ള പ്രാദേശിക നീക്കുപോക്കുകളുമാകും. ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ക്കണമെന്നാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിരുന്ന നിലപാട്. എന്നാല്‍ ദേശീയ രാഷ്ട്രീയ സാഹചര്യം ഇപ്പോള്‍ മാറിയിരിക്കുകയാണ്.

രാജ്യത്ത് ബിജെപിയുടെ വളര്‍ച്ച ശക്തമാകുകയാണ്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ച ഒറ്റക്കെട്ടായി തടയേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ അടവുനയത്തില്‍ സാഹചര്യത്തിന് അനുസരിച്ച് മാറ്റമുണ്ടാകണമെന്നാണ് പശ്ചിമബംഗാള്‍ ഘടകം വാദിക്കുന്നത്. ജനറല്‍ സെക്രട്ടറി യെച്ചൂരി അടക്കമുള്ള ഒരു വിഭാഗവും ഈ നിലപാടിനെ പിന്തുണയ്ക്കുന്നു.

അതേസമയം കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് വേണ്ടെന്നും, കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടില്‍ മാറ്റം വരുത്തേണ്ടെന്നുമാണ് പ്രകാശ് കാരാട്ട് പക്ഷവും കേരളത്തിലെ നേതൃത്വവും ആവര്‍ത്തിക്കുന്നത്.



