സിനിമാ സ്റ്റൈലില്‍ മോഷണം: രണ്ട് ബംഗ്ലാദേശികള്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: വീട്ടുകാരെ ബന്ദിയാക്കിയും ആക്രമിച്ചും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയും സിനിമാ സ്റ്റൈലില്‍ കവര്‍ച്ച നടത്തുന്ന രണ്ട് ബംഗ്ലാദേശികള്‍ കൊച്ചിയില്‍ പിടിയില്‍. കവര്‍ച്ചാ സംഘത്തിലെ പ്രധാനികളാണ് പോലീസിന്റെ വലയിലായത്.
എറണാകുളം ലിസി ആശുപത്രി റോഡിനു സമീപമുള്ള ഇല്ലി മൂട്ടില്‍ വീട്, തൃപ്പൂണിത്തുറ എരൂരിലെ വീട് എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയ 12 അംഗ സംഘത്തില്‍പ്പട്ട ബംഗ്ലാദേശ് സ്വദേശികളായ മാണിക്(35),ആലംഗീര്‍(റഫീഖ്-33) എന്നീ പ്രതികളെയാണ് എറണാകുളം നോര്‍ത്ത് പോലീസ് എസ് ഐ മൊയ്തീന്‍, എ എസ് ഐ റഫീഖ്, സീനിയര്‍ സിപിഒ ജയരാജ് എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.

ഡെല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ പ്രതികള്‍ കൊച്ചിയിലെത്തി ആക്രിക്കച്ചവടം നടത്തുന്നുവെന്ന വ്യാജേനയാണ് കവര്‍ച്ച നടത്തിയിരുന്നത്. പകല്‍ ആക്രി പെറുക്കാനെന്ന വ്യാജേന കറങ്ങി നടന്ന് വീട് മാര്‍ക്ക് ചെയ്ത് രാത്രി തോക്കടക്കമുള്ള മാരകായുധങ്ങളുമായെത്തി കവര്‍ച്ച നടത്തുന്നതാണ് സംഘത്തിന്റെ രീതി.

പ്രതികളുടെ അറസ്റ്റിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ;

2017 ഡിസംബര്‍ 15 ന് പുലര്‍ച്ചെ 3.30 മണിയോടെ കലൂര്‍ ലിസി ആശുപത്രി റോഡിലുള്ള ഇല്ലിമൂട്ടില്‍ വീട്ടിലെത്തിയ 12 അംഗ സംഘം വീടിന്റെ മുന്‍വശത്തെ ജനലിന്റെ ഗ്രില്ല് തകര്‍ത്ത് അകത്തു കയറി വൃദ്ധ ദമ്പതികളെ ആക്രമിച്ചും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയും കെട്ടിയിട്ട ശേഷം പ്രായമുള്ള സ്ത്രീയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാലയും കൈയിലെ വളകളും കവര്‍ന്നെടുത്ത് രക്ഷപ്പെടുകയായിരുന്നു.
അക്രമികളെക്കുറിച്ച് യാതൊരു തുമ്പും ഇല്ലാതിരുന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി ഡെല്‍ഹി സീമാപുരിയില്‍ താമസമാക്കിയവരാണെന്ന് കണ്ടെത്തിയത്. അഞ്ചു കോടിയിലധികം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് പരിശോധിച്ചാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്. പ്രതികളെ പിന്തുടര്‍ന്ന് ഡല്‍ഹിയിലും ബംഗാളിലും എത്തിയെങ്കിലും പോലീസിനെ കബളിപ്പിച്ച് ഇവര്‍ ബംഗ്ലാദേശിലേക്ക് മുങ്ങി.
അനധികൃത മാര്‍ഗങ്ങളിലൂടെ അതിര്‍ത്തി കടന്നെത്തിയ സംഘം ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളിലും ഹൈദരാബാദ്, ബംഗളൂരു, കണ്ണൂര്‍ എന്നിവടങ്ങളിലും സമാന രീതിയില്‍ കവര്‍ച്ച നടത്തിയിരുന്നു. ഡല്‍ഹി പോലീസിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സംഘത്തിലുണ്ടായിരുന്ന ആറു പേരെ പിന്നീട് പിടികൂടി. ഞാറയ്ക്കല്‍ ഓച്ചന്‍തുരുത്ത് ഭാഗത്ത് പഴയ സാധനങ്ങള്‍ ശേഖരിച്ചു വില്‍പന നടത്തുന്നതിനായി വീട് വാടകയ്ക്ക് എടുത്ത ശേഷമാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്.
സംഘത്തിലെ പ്രധാനിയായ നസീര്‍ഖാന്‍ എന്നു വിളിക്കുന്ന നൂര്‍ഖാന്‍ ഇപ്പോഴും ബംഗ്ലാദേശില്‍ ഒളിവില്‍ കഴിയുകയാണ്. ആക്രി സാധനങ്ങള്‍ പെറുക്കാന്‍ എന്ന വ്യാജേന സഞ്ചരിച്ചാണ് എറണാകുളത്തും തൃപ്പൂണിത്തുറയിലും ഇവര്‍ കവര്‍ച്ചയ്ക്കായി വീടുകള്‍ കണ്ടെത്തിയത്. തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി അര്‍ധ രാത്രിയില്‍ സ്ഥലത്തെത്തുന്ന സംഘം വീടിന്റെ ജനല്‍ ഗ്രില്‍ ഇളക്കിമാറ്റിയശേഷം അകത്ത് കയറി വീട്ടുകാരെ ബന്ദികളാക്കി കൊള്ളയടിക്കുകയാണ് പതിവ്.
പ്രതികളെ ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡെപ്യൂടി പോലീസ് കമ്മീഷണര്‍ പുങ്കുഴലി അന്വേഷണത്തിനായി എസ് ഐ മൊയ്തീന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു.
കണ്ണൂര്‍ സിറ്റി പോലിസ് കസ്റ്റഡിയില്‍ വാങ്ങിയ മാണിക്കിനെ കണ്ണൂരിലെത്തിയാണ് അറസ്റ്റു രേഖപ്പെടുത്തിയത്. തീഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ആലംഗീറിനെ അന്വേഷണ സംഘം തീഹാര്‍ ജയിലില്‍ എത്തി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും വലയിലാക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്.
