സിഐടിയു കോട്ടയം ജില്ലാ കമ്മറ്റി ഓഫീസിനു നേരെ ബിജെപി-ആര്‍എസ്എസ് ആക്രമണം

കോട്ടയം: സിഐടിയു കോട്ടയം ജില്ലാ കമ്മറ്റി ഓഫീസിനു നേരെ ബിജെപി-ആര്‍എസ്എസ് ആക്രമണം. പുലര്‍ച്ചെ രണ്ടരയ്ക്ക് ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ബിജെപി-ആര്‍എസ്എസ് അക്രമി സംഘത്തിന്റെ നടപടിയില്‍ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന് പറഞ്ഞു.
ഹര്‍ത്താല്‍ ദിനത്തില്‍ സിഐടിയു ഓഫീസ് ആക്രമിച്ചും സിപിഐഎമ്മിന്റേയും ഡിവൈഎഫ്ഐയുടെയും പ്രചരണ ബോര്‍ഡുകള്‍ തകര്‍ത്തും കോട്ടയം നഗരത്തില്‍ ഒന്നര മണിക്കൂറോളമാണ് ബിജെപി-ആര്‍എസ്എസ് അക്രമികള്‍ അഴിഞ്ഞാടിയത്. സംഭവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരായ 8 അക്രമികള്‍ അറസ്റ്റിലായിരുന്നു.

അതിന്റെ തുടര്‍ച്ചയായിട്ടാണ് സിഐടിയു ജില്ലാ കമ്മറ്റി ഓഫീസിനു നേരെ പുലര്‍ച്ചെ രണ്ടരയോടെ ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. സമീപത്തെ വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്‍ന്നതോടെ അവശേഷിക്കുന്ന കല്ലുകള്‍ സമീപത്ത് ഉപേക്ഷിച്ച് അക്രമിസംഘം കടന്നുകളഞ്ഞു. കെഎസ്കെടിയു, ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ ജില്ലാ ആസ്ഥാനം കൂടിയാണിത്.

ജില്ലാ പൊലീസ് മേധാവി എന്‍ രാമചന്ദ്രന് സംഭവസ്ഥലം സന്ദര്‍ശിച്ചു. ജില്ലയിലെ സിപിഐഎം, സിഐടിയു, ബിജെപി , ആര്‍എസ്എസ് ഓഫിസുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തി.

