സാക്ഷരത മികവുത്സവത്തില്‍ 847 പഠിതാക്കള്‍ പരീക്ഷയെഴുതി
കോഴിക്കോട്: സാക്ഷരത മികവുത്സവത്തില്‍ 847 പഠിതാക്കള്‍ പരീക്ഷയെഴുതി. നാലാം തരം തുല്യത പഠനത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ സാക്ഷരത മിഷന്‍ നടത്തുന്ന പ്രവേശന പരീക്ഷയായ മികവുത്സവത്തില്‍ ഉദ്ഘാടന ദിനത്തില്‍ ജില്ലയിലെ 847 പഠിതാക്കള്‍ പരീക്ഷയെഴുതി. ചക്കിട്ടപ്പാറ പരീക്ഷാ കേന്ദ്രത്തില്‍ ചോദ്യ പ്പേപ്പര്‍ വിതരണം ചെയ്തു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി മികവുത്സവത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ ദിന പരീക്ഷയില്‍ 149 പുരുഷന്മാരും 698 വനിതകളുമാണ് പങ്കെടുത്തത്. വടകര നഗരസഭയില്‍ നിന്നുള്ള 80കാരന്‍ മരക്കാരാണ് പരീക്ഷയെഴുതിയവരിലെ പ്രായം കൂടിയ പഠിതാവ്. നവംബര്‍ 14 വരെയാണ് പരീക്ഷ. ജില്ലയില്‍ 1,199 പഠിതാക്കളാണ് മികവുത്സവത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എഴുത്ത്, വായന, കണക്കുകൂട്ടല്‍ എന്നിവയിലുള്ള കഴിവാണ് മികവുത്സവത്തിലൂടെ പരിശോധിക്കുക. 100ല്‍ 30 മാര്‍ക്ക് നേടുന്നവര്‍ക്ക് നാലാം തരം തുല്യത പഠനത്തിന് രജിസ്റ്റര്‍ ചെയ്യാം. മികവുത്സവ വിജയികള്‍ക്ക് ഡിസംബര്‍ 10ന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്ന് സാക്ഷരത മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍ അറിയിച്ചു.ഉദ്ഘാടന സമ്മേളനത്തില്‍ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ കുമാര്‍, സാക്ഷരത മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍, സാക്ഷരത പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


