KOYILANDY DIARY.COM

The Perfect News Portal

സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിയെത്തുടർന്ന് 48-കാരൻ മരിച്ചു

പേരാമ്പ്ര: കോട്ടൂർ പഞ്ചായത്തിലെ നരയംകുളത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ അടിപിടിയെത്തുടർന്ന് 48-കാരൻ മരിച്ചു. നരയംകുളം പുളിയാം പൊയിൽ മീത്തൽ രാജൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ഷൈജുവിനെ (35) കൂരാച്ചുണ്ട് ഇൻസ്പെക്ടർ കെ.പി. സുനിൽകുമാർ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെ രാജൻ വീടിനകത്ത് ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വയറിലെ അൾസർ പൊട്ടിയതിൻ്റെ തുടർച്ചയായാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ സൂചന. ഞായറാഴ്ച പകൽ രാജനും അനുജൻ ഷൈജുവും തമ്മിൽ അടിപിടി നടന്നതായാണ് പോലീസിന് ലഭിച്ച വിവരം.

ഈ സമയം അച്ഛൻ കേളപ്പനും വീട്ടിലുണ്ടായിരുന്നു. അടിപിടിയെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസിൻ്റെ നിഗമനം. കുറ്റകരമായ നരഹത്യയ്ക്കാണ് ഷൈജുവിൻ്റെ പേരിൽ കേസെടുത്തത്. രാജൻ താമസിക്കുന്ന വീടിൻ്റെ പറമ്പിൽ തന്നെയാണ് ഷൈജുവും താമസിക്കുന്നത്. രാജനും അച്ഛൻ കേളപ്പനും മാത്രമാണ് രാജൻ്റെ വീട്ടിൽ താമസം. കേളപ്പൻ സെക്യൂരിറ്റി ജീവനക്കാരനായതിനാൽ രാത്രി വീട്ടിലുണ്ടായിരുന്നില്ല. രാജൻ്റെ ഭാര്യ അടുത്ത് തന്നെയുള്ള സ്വന്തം വീട്ടിലാണ്. മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിനുശേഷം തിങ്കളാഴ്ച വൈകീട്ട് ആറോടെ വീട്ടിലെത്തിച്ച മൃതദേഹം സംസ്കരിച്ചു. അമ്മ: മാണിക്യം. ഭാര്യ: സനില. മക്കൾ: ആരതി, രേവതി, ആദിത്യ, അജൽരാജ്, വേദ. മരുമകൻ: സജിൻ. മറ്റു സഹോദരങ്ങൾ: മാധവി, ദാമോദരൻ.

Share news

Leave a Reply

Your email address will not be published. Required fields are marked *