KOYILANDY DIARY.COM

The Perfect News Portal

സര്‍വകലാശാല പരീക്ഷകളുടെ പുനര്‍ മൂല്യനിര്‍ണയം: മാര്‍ക്കിന്റെ പൂര്‍ണവിവരങ്ങള്‍ ഇനിമുതല്‍ വിദ്യാര്‍ത്ഥികള്‍ക്കറിയാം

തിരുവനന്തപുരം: ഇനി മുതല്‍ സര്‍വകലാശാല പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തില്‍ ലഭിക്കുന്ന ഓരോ ഉത്തരത്തിന്റെയും മാര്‍ക്കുകള്‍ വിദ്യാര്‍ഥികള്‍ക്കറിയാം. മുഖ്യവിവരാവകാശ നിയമപ്രകാരം വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കിന്റെ പൂര്‍ണവിവരങ്ങള്‍ നല്‍കണമെന്ന് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം.പോള്‍ ഉത്തരവിട്ടു. നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് ലോ കോളേജ് വിദ്യാര്‍ഥി അഖില്‍ നല്‍കിയ അപ്പീലിലാണു തീരുമാനം.

കേരള സര്‍വകലാശാലയില്‍ പുനര്‍മൂല്യനിര്‍ണയത്തിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടു അഖില്‍ വിവരാവകാശ അപേക്ഷയും അപ്പീലും നല്‍കിയിരുന്നു. എന്നാല്‍ സര്‍വകലാശാല മാനുവല്‍ പ്രകാരം പുനര്‍മൂല്യനിര്‍ണയത്തിന്റെ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നു കാണിച്ചു അപേക്ഷയും അപ്പീലും തള്ളുകയായിരുന്നു.

എന്നാല്‍ വിവരാവകാശനിയമങ്ങള്‍ മാനുവിലിനെക്കാള്‍ വലുതാണെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ട വിഭാഗങ്ങള്‍ ഒഴികെയുള്ള വിവരങ്ങള്‍ പരസ്യമാക്കാന്‍ ബാധ്യസ്ഥരാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. പുനര്‍മൂല്യനിര്‍ണയ വിവരങ്ങള്‍ നല്‍കുന്നതോടെ സര്‍വകലാശാലയുടെ സുതാര്യത ഉറപ്പാക്കാന്‍ സഹായിക്കുമെന്നും എന്നാല്‍ വിവരങ്ങള്‍ നല്‍കുമ്ബോള്‍ പുനര്‍മൂല്യം നടത്തിയ വ്യക്തിയുടെ പേര് ഉള്‍പ്പെടുത്തരുതെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *