KOYILANDY DIARY.COM

The Perfect News Portal

സര്‍ഗാലയയില്‍ കരവിരുതിന്റെ മാന്ത്രിക സ്പര്‍ശവുമായി ഗോപിനാഥ്‌

പയ്യോളി > ഇരിങ്ങല്‍ സര്‍ഗാലയയിലെ അന്താരാഷ്ട്ര ക്രാഫ്ററ് മേളയില്‍ ദിവസവും നൂറുകണക്കിനാളുകളാണ് രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന്‌ സന്ദര്‍ശനം നടത്തുന്നത്. അവിടുന്നുള്ള വേറിട്ട കാഴ്ചയയാണ് തിരവനന്തപുരം പേട്ട സ്വദേശി ഗോപിനാഥന്റെ കരവിരുതില്‍ കാണാന്‍കഴിയുന്നത്. കരവിരുതിന്റെ മാന്ത്രിക സ്പര്‍ശത്താല്‍ കാളയുടെയും പോത്തിന്റെയുമെല്ലാം കൊമ്പുകള്‍ ഗോപിനാഥിന്റെ കൈയില്‍ കിട്ടിയാല്‍ വിടരുന്നത് പൂക്കള്‍ മാത്രമല്ല, മയില്‍, കൊക്ക്, മത്സ്യം, കിളികള്‍, പൂത്തുനില്‍ക്കുന്ന ചെടി, വൃക്ഷം തുടങ്ങി 40ഓളം ഇനങ്ങളുമായാണ് തിരുവനന്തപുരം പേട്ട സ്വദേശിയായ പി വി ഗോപിനാഥന്‍ എത്തിയത്. ഇരിങ്ങല്‍ സര്‍ഗാലയയിലെ അന്താരാഷ്ട്ര ക്രാഫ്ററ് മേളയിലെത്തുന്നവര്‍ ഗോപിനാഥിന്റെ മനോഹര ശില്‍പങ്ങള്‍ കണ്ട് ആശ്ചര്യപ്പെടുന്നു.

കൃത്രിമങ്ങളോ കൂട്ടുകളോ ഇല്ലാതെയാണ് ശില്‍പങ്ങള്‍ നിര്‍മിക്കുന്നത്. വൃത്തിയാക്കിയ കൊമ്പിന്റെ പുറം രാകുമ്പോള്‍ ലഭിക്കുന്ന കറുത്ത നിറവും ചെത്തിമിനുക്കുമ്പോള്‍ ലഭിക്കുന്ന സ്വര്‍ണനിറവും കാഴ്ചയില്‍ ആരെയും ആകര്‍ഷിക്കും. ശില്‍പങ്ങളിലെ ചിത്രപ്പണികള്‍ കാര്‍വ് ചെയ്തശേഷം പൌഡറും ഉജാലയും ചേര്‍ത്ത മിശ്രിതങ്ങളില്‍ പശ ചേര്‍ത്ത് കാര്‍വ്ചെയ്ത സ്ഥലത്ത് തേച്ചുപിടിപ്പിക്കും. കൊമ്പില്‍ തീര്‍ത്ത ഫ്ളവര്‍വേയ്സ് പലതവണ ഒന്നാംസ്ഥാനം നേടിക്കൊടുത്തു. ഇവ നാലുതവണ ദേശീയ അവാര്‍ഡിനായി സമര്‍പ്പിച്ചിരുന്നു.
ഗോപിനാഥിന്റെ കരവിരുതിനെക്കുറിച്ച് പഠിക്കാന്‍ മുംബൈ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ എത്തിയതായി ഗോപിനാഥ് പറഞ്ഞു. എരുമയുടെ കൊമ്പ് ചൂടാക്കിയാല്‍ ഏത് ആകൃതിയിലും വളയ്ക്കാനാകും. ആഫ്രിക്കയില്‍ മാത്രം കാണുന്ന ഒരു ചെടിയുടെ ചിത്രം കണ്ടാണ് ഗോപിനാഥ് ഫ്ളവര്‍വേയ്സ് നിര്‍മിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി അന്താരാഷ്ട്ര ക്രാഫ്റ്റ് മേളകളിലെ നിറസാന്നിധ്യമാണ് 20–ാം വയസ്സിലാണ് ഗോപിനാഥ് കൊമ്പുകളില്‍ ശില്‍പവൈഭവം തുടങ്ങിയത്.

Share news