KOYILANDY DIARY

The Perfect News Portal

സരിത എസ് നായരുടെ കത്തില്‍ 13 ഉന്നതരുടെ പേര്പരാമര്‍ശിക്കുന്നതായി മുന്‍ ജയില്‍ ഡിജിപി യുടെ മൊഴി

തിരുവനന്തപുരം> സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ കത്തില്‍ 13 ഉന്നതരുടെ  പേര്പരാമര്‍ശിക്കുന്നതായി മുന്‍ ജയില്‍ ഡിജിപി. വെളിപ്പെടുത്തിയ 13 ഉന്നതരില്‍ മൂന്ന് മന്ത്രിമാരും എംപിമാരായ രണ്ട് മുന്‍ കേന്ദ്രമന്ത്രിമാരും ഉണ്ടെന്ന്‌ മുന്‍ ജയില്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്ബാണ് കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തിയത്. ഉന്നതരുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ലെങ്കിലും സരിതയുടെ മൊഴിയില്‍ പരാമര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ മൂന്ന് മന്ത്രിമാരുണ്ടെന്നത് വ്യക്തമായി.

സോളാര്‍ വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നതരെ സമീപിച്ചിപ്പോള്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും പീഡിപ്പിച്ചുവെന്നുമാണ് സരിതയുടെ മൊഴി. എറണാകുളം അഡീഷണല്‍ സിജെഎം മുമ്പാകെ ഈ പേരുകളെല്ലാം പറഞ്ഞെങ്കിലും മൊഴി രേഖപ്പെടുത്താതെ തിരിച്ചയച്ചു. ജയിലില്‍ ചെന്ന് രേഖാമൂലം എഴുതി സമര്‍പ്പിച്ചാല്‍ മതിയെന്നായിരുന്നു എസിജെഎം നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ് പത്തനംതിട്ടജയിലില്‍ വെച്ച് സരിത മൊഴി എഴുതിയത്. ഈ മൊഴിയും എസിജെഎമ്മിന് വാക്കാല്‍ നല്‍കിയ മൊഴിയിലെ വിവരങ്ങളും ഉന്നതങ്ങള്‍ക്ക് ആരോ ചോര്‍ത്തി നല്‍കി.

ഇതില്‍ മൂന്ന് മന്ത്രിമാര്‍ ഇപ്പോഴും സംസ്ഥാനം ഭരിക്കുന്നു. രണ്ട് പേര്‍ മുന്‍ കേന്ദ്രമന്തിമാരും ഇപ്പോള്‍ എംപിമാരുമാണ്. മറ്റൊരാള്‍ ഘടകകക്ഷിയില്‍പ്പെട്ട എംപിയും മുന്‍ മന്ത്രിയുടെ മകനും. മറ്റ് അഞ്ച് പേര്‍ എംഎല്‍എ മാരാണ്. ഇതില്‍ മൂന്നുപേരും കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരാണ്. ഇതില്‍ ഒരു എംഎല്‍എക്കെതിരെ സരിത പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല. തലസ്ഥാനത്തെ മാസ്കട്ട് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

Advertisements

അട്ടക്കുളങ്ങര ജയിലില്‍ വെച്ച് കരാര്‍ ഉറപ്പിച്ച്, അതനുസരിച്ചുള്ള സാമ്പത്തിക കൈമാറ്റങ്ങള്‍ നടന്നതോടെയാണ് സരിത മൊഴി മാറ്റിയത്. അതനുസരിച്ച കാര്യങ്ങള്‍ ചെയ്യാതായപ്പോഴാണ് ഒരു എംഎല്‍എക്കെതിരെ പരാതി നല്‍കിയത്. ഇപ്പോഴും വിലപേശലുകളും സമ്മര്‍ദ്ദങ്ങളും നടക്കുന്നു. സംസ്ഥാന ഭരണത്തിലെ ഒരു പ്രമുഖന്റെ മകനെതിരെയും സരിതയുടെ മൊഴിയുണ്ട്.

സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ വധഭീഷണിയും ഉണ്ടായിരുന്നതിന് തെളിവാണ് തോക്കുകളും ആയുധങ്ങളുമായി ചിലര്‍ അട്ടക്കുളങ്ങരയിലെത്തിയെന്ന ജയില്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍. തനിക്ക് വധ ഭീഷണിയുണ്ടെന്നും ജീവന്‍ അപകടത്തിലാണെന്നും അട്ടക്കുളങ്ങരയില്‍ നിന്ന് ഒരു കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സരിത പറഞ്ഞിരുന്നു. ആയുധങ്ങളുമായി ചിലര്‍ എത്തിയെന്ന വെളിപ്പെടുത്തലുമായി ഇത് കൂട്ടിവായിക്കാം.