KOYILANDY DIARY

The Perfect News Portal

സമ്പൂര്‍ണ കഥകളി സാക്ഷരതാ ഗ്രാമം പദ്ധതി തുടങ്ങി

കൊയിലാണ്ടി: ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നൂറാം പിറന്നാള്‍ ആഘോഷ പരിപാടിയുടെ ഭാഗമായി സമ്പൂര്‍ണ കഥകളി സാക്ഷരതാ ഗ്രാമം പദ്ധതി തുടങ്ങി. പദ്ധതിയുടെ ഭാഗമായി പത്തിനും ഇരുപതിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ചേലിയ കഥകളി വിദ്യാലയത്തില്‍ സൗജന്യ കഥകളി പഠനം സാധ്യമാകും. കഥകളി വേഷം, ചെണ്ട, മദ്ദളം, കഥകളി സംഗീതം, ചുട്ടിയും കോപ്പുനിര്‍മാണവും എന്നിവയാണ് പരിശീലിപ്പിക്കുന്നത്. രണ്ടുവര്‍ഷത്തെ തീവ്രപരിശീലനത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റും നല്‍കും. തുടര്‍ പഠനത്തിനും അവസരമുണ്ടാകും. പദ്ധതിയുടെ ഭാഗമായി ആസ്വാദക സംഘം രൂപവത്കരിക്കും. പ്രതിമാസ കഥകളി അവതരണം, സോദാഹരണ ക്ലാസുകള്‍, പ്രശസ്തരായ കഥകളി ആശാന്‍മാരെ പരിചയപ്പെടല്‍ തുടങ്ങിയവയും ഉണ്ടാകും. ഏപ്രില്‍ മാസം നടക്കുന്ന കഥകളി ശിബിരത്തോടെ പദ്ധതി തുടങ്ങും. മാര്‍ച്ച് 15-വരെ അപേക്ഷിക്കാം. പദ്ധതി രൂപരേഖ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ പ്രകാശനം ചെയ്തു. യു.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു. പീറ്റക്കണ്ടി രാമന്‍കുട്ടി നായര്‍, ശിവദാസ് ചേമഞ്ചേരി, എന്‍.വി. സദാനന്ദന്‍, കെ. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.