സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ

കോഴിക്കോട്: ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം.
മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി രണ്ടുമണിക്കൂറോളം അടച്ചിട്ട മുറിയില്‍ ചര്‍ച്ചനടത്തിയാണ് സമാധാനശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള തീരുമാനത്തിലേക്ക് രാഷ്ട്രീയ നേതൃത്വങ്ങള്‍ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങളെ യോഗം അപലപിച്ചു. ഇനി ഇത്തരം പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ സമാധാനസന്ദേശം താഴെത്തട്ടിലെത്തിക്കാനും തീരുമാനമായി.

ഇതിനുവേണ്ടി ഓരോ കക്ഷിയും രണ്ടുദിവസത്തിനകം അണികളുടെ പ്രാദേശികയോഗങ്ങള്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ യു.വി. ജോസ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അറിയിച്ചു. യഥാര്‍ഥകുറ്റവാളികളെ പിടികൂടാനും നിയമനടപടികള്‍ക്കും പോലീസിന് പിന്തുണ നല്‍കും. പോലീസ് കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളില്‍ റൂറല്‍ജില്ലയില്‍ 38 കേസുകളിലായി 39 പ്രതികളെയാണ് അറസ്റ്റുചെയ്തത്. സി.പി.എം, ബി.ജെ.പി, മുസ്ലിംലീഗ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇക്കൂട്ടത്തിലുണ്ട്. ഇരുനൂറോളം പേരെ ഇനിയും പിടികൂടാനുണ്ടെന്നും റൂറല്‍ പോലീസ് മേധാവി എം.കെ. പുഷ്‌കരന്‍ പറഞ്ഞു.

സിറ്റിയില്‍ 16 കേസുകളിലായി 27 പ്രതികളെയാണ് പിടിച്ചതെന്ന് പോലീസ് ചീഫ് ജെ. ജയനാഥ് പറഞ്ഞു. സി.പി.എം. ഓഫീസിനുമുന്നില്‍ ജില്ലാസെക്രട്ടറിക്കുനേരേ ബോംബേറിഞ്ഞ കേസ് അന്വേഷണഘട്ടത്തിലായതിനാല്‍ വിശദാംശങ്ങള്‍ പറയാനാവില്ല. സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ വിളികളുടെ വിശദാംശങ്ങളും പരിശോധിക്കുകയാണ്. രണ്ടുദിവസം ഹര്‍ത്താലായതിനാലാണ് നടപടികള്‍ വൈകുന്നത്. സ്‌ഫോടനത്തിന്റെ സ്വഭാവമെന്തെന്ന് ശാസ്ത്രീയപരിശോധനയ്ക്കുശേഷമേ പറയാനാവൂ. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും സിറ്റി പോലീസ് ചീഫ് പറഞ്ഞു.
എം.കെ. രാഘവന്‍ എം.പി–, എം.എല്‍.എ.മാരായ കെ. ദാസന്‍, എ. പ്രദീപ്കുമാര്‍, സി.കെ. നാണു, ഡോ. എം.കെ. മുനീര്‍, ഇ.കെ. വിജയന്‍, പി.ടി.എ. റഹീം, പുരുഷന്‍ കടലുണ്ടി, വി.കെ.സി. മമ്മദ്‌കോയ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനന്‍, ബി.ജെ.പി. ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ്, ടി.വി. ഉണ്ണികൃഷ്ണന്‍, ടി.വി. ബാലന്‍, വി. കുഞ്ഞാലി, മുക്കം മുഹമ്മദ്, എം. നാരായണന്‍, എം. ഭാസ്‌കരന്‍, കെ.പി. കുഞ്ഞമ്മദ്കുട്ടി, എം. മെഹബൂബ്, സി. ഗംഗാധരന്‍, എന്‍.പി. രൂപേഷ്, കെ. ഷൈനു, പി. ശശിധരന്‍, കെ. ഗംഗാധരന്‍, പി.ടി. ആസാദ്, സി.പി. ഹമീദ്, പി.ആര്‍. സുനില്‍ സിങ്, എ.ഡി.എം. ടി. ജനില്‍കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
