സമകാലിക യാഥാർത്ഥ്യങ്ങളുമായി കൊയിലാണ്ടിയിൽ റിഫ്ളക്ഷൻ ചിത്രപ്രദർശനം

കൊയിലാണ്ടി: സമകാലിക ജീവിത യാഥാർത്ഥ്യങ്ങൾ പ്രതിഫലിക്കുന്ന ചിത്രങ്ങളുടെ പ്രദർശനം റിഫ്ളക്ഷൻസ് കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറിയിൽ തുടങ്ങി. മാഹി കലാഗ്രാമത്തിലെ വിദ്യാർത്ഥികളായ ജോർജ് കാലയിൽ, ജിമിൻരാജ്, പ്രജീഷ് എന്നിവരുടെ 25 പെയിന്റിംഗുകളാണ് പ്രദർശനത്തിലുള്ളത്. കടുത്ത ജീവിത യാഥാർത്ഥ്യങ്ങളുടെ പ്രതിഫലനങ്ങളെ ആക്രിലിക് മാധ്യമത്തിലൂടെ ആവിഷ്കരിച്ച ചിത്രങ്ങൾ ഒരേ സമയം ആസ്വാദനത്തിന്റെയും ചിന്തയുടെയും വാതായനങ്ങൾ തുറപ്പിക്കുന്നവയാണ്.
കരിങ്കൽ മേഖലയിലും നിർമ്മാണ പ്രവർത്തനങ്ങളിലും ഉപജീവനമാർഗ്ഗം തേടുകയും, അതുവഴി ജീവിതത്തിനും പഠനത്തിനും വഴികണ്ടെത്തുകയും വിവിധ ജില്ലകളിൽ നിന്നും എത്തിച്ചേർന്ന യുവകലാകാരൻമാരുടെ ഒത്തുചേരലിന്റെ ഭാഗമായാണ് റിഫ്ളക്ഷൻസ് എന്ന പേരിൽ ചിത്ര പ്രദർശനം സംഘടിപ്പിച്ചത്.

രചനകളെല്ലാം വിഷയം കൊണ്ടും സാങ്കേതം കൊണ്ടും നൂതനങ്ങളാണ്. ചിത്ര പ്രദർശനം 26 ന് സമാപിക്കും. പ്രശസ്ത ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ് ഉൽഘാടനം ചെയ്തു. എൻ.വി.ബാലകൃഷ്ണൻ, ഡോ .പ്രമോദ് ശ്രീനിവാസൻ , ഷാജി കാവിൽ, സായികല ചിദംബരം, റഹ്മാൻ കൊഴുക്കല്ലൂർ എന്നിവർ സംസാരിച്ചു.

