സദാനന്ദന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു

പുല്‍പ്പള്ളി : പുല്‍പള്ളി താഴെ അങ്ങാടിയിലെ സദാനന്ദന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പുല്‍പള്ളി പൊലീസ് അറസ്റ്റുചെയ്തു. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ആലിശ്ശേരിയില്‍ സദാനന്ദന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വേലിയമ്ബം നാമറ്റത്തില്‍ ജെയ്മോന്‍ ജേക്കബ്ബ് (36), കൊരഞ്ഞിവയല്‍ കോളനിയിലെ രാജന്‍ (32) എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സദാനന്ദന്റെ മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. ചുറ്റും ചോരപ്പാടുകള്‍ ഉണ്ടായിരുന്നു. തനിയെ താമസിക്കുന്ന സദാനന്ദന്റെ വീട്ടില്‍ ജെയ്മോന്‍, രാജന്‍ തുടങ്ങിയവര്‍ മദ്യപാനത്തിനും മറ്റുമായി വരുമായിരുന്നുവത്രേ. സംഭവം നടക്കുന്നതിന് ഏതാനും ദീവസം മുമ്പ് ചാവക്കാട്ടുകാരിയായ ഒരു സ്ത്രി ഈ വീട്ടില്‍ വരികയും ഇവരുമായുള്ള ബന്ധത്തെചൊല്ലി ജെയ്മോനും രാജനും സദാനന്ദനുമായി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു.

മദ്യലഹരിയിലായിരുന്ന ജെയ്മോന്‍ സമീപത്ത് കിടന്ന മരക്കഷണമെടുത്ത് സദാനന്ദന്റെ തലക്കടിച്ചു വീഴ്ത്തുകയും ജെയ്മോനും രാജുവും അയാളെ ചവിട്ടുകയും ചെയ്തു. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

വെള്ളിയാഴ്ച രാവിലെ ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പുല്‍പള്ളി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കെ. എം. സുലൈമാന്‍,സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്‍. എം. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

