സഞ്ചി നിറയെ പടക്കങ്ങള്‍ ട്രെയിനില്‍ ഉപേക്ഷിച്ചു: കുത്തിപ്പൊട്ടിച്ച തൊഴിലാളിക്ക് പൊള്ളലേറ്റു

കൊച്ചി: ശുചീകരണത്തിനെത്തിച്ച ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സഞ്ചിയില്‍ പടക്കങ്ങള്‍. കാര്യമറിയാതെ സഞ്ചിയില്‍ നിന്ന് പടക്കമെടുത്ത് കുത്തിപ്പൊട്ടിച്ച തൊഴിലാളിക്ക് പൊള്ളലേറ്റു. സഞ്ചിയിലുണ്ടായിരുന്നത് പടക്കമായിരുന്നുവെന്ന് കുത്തിപ്പൊട്ടിച്ചപ്പോഴാണ് ഇദ്ദേഹത്തിന് മനസിലായത്. എറണാകുളം റെയില്‍വെയ്ക്ക് കീഴില്‍ കതൃക്കടവിലുള്ള മാര്‍ഷലിങ് യാര്‍ഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
പന്തിന്റെ രൂപത്തിലുള്ള സാധനങ്ങളാണ് മാര്‍ഷലിങ് യാര്‍ഡില്‍ ശുചീകരണത്തിന് എത്തിച്ച സ്ലീപ്പര്‍ കോച്ചില്‍ ഉണ്ടായിരുന്നത്. ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് ബുധനാഴ്ച രാവിലെ എറണാകുളത്തെത്തിയ മംഗള എക്സ്പ്രസായിരുന്നു ഇത്. കോച്ച് വൃത്തിയാക്കുന്നതിനിടെ ക്ലീനിങ് വിഭാഗത്തിലെ അമീര്‍ അലിയാണ് സഞ്ചി കണ്ടെത്തിയത്.

ലഡുവിന്റെ വലിപ്പത്തിലുള്ള 20 പടക്കങ്ങള്‍ അടങ്ങിയ സഞ്ചി കണ്ടെത്തിയത്. ഏറപടക്കത്തിന് സമാനമായ പടക്കങ്ങളായിരുന്നു ഇത്. എന്നാല്‍ ഇതെന്താണെന്ന് അറിയാതെ അമീര്‍ അലി ഇവയില്‍ ഒരെണ്ണം എടുത്ത് കുത്തിപ്പൊട്ടിച്ചു. പൊടുന്നനെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അമീര്‍ അലിയുടെ കൈ വിരലുകള്‍ക്ക് പൊള്ളലേറ്റു.

ജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമീര്‍ അലിയുടെ കൈയ്യില്‍ തുണി കൊണ്ട് ചുറ്റിയത് കണ്ട് സൂപ്പര്‍വൈസര്‍ ചോദിച്ചപ്പോഴാണ് സംഭവം വ്യക്തമായത്. പിന്നീട് പടക്കങ്ങളടങ്ങിയ സഞ്ചി റെയില്‍വെ പൊലീസിന് കൈമാറി.

