സങ്കടങ്ങള്‍ ഉള്ളിലൊതുക്കി നീനു വീണ്ടും കോളേജിലേക്ക്

കോട്ടയം: സങ്കടം മനസ്സില്‍ കടലോളം ഉണ്ടെങ്കിലും അതെല്ലാം പൊരുതി തോല്‍പ്പിക്കാനാണ് ഇനി നീനുവിന്റെ തീരുമാനം. ജീവിക്കണം ആരുമല്ലാതിരുന്നിട്ടും തന്നെ പൊന്നുമകളെ പോലെ നോക്കുന്ന കെവിന്റെ അച്ഛനമ്മമാര്‍ക്ക് വേണ്ടി. അതിന് താന്‍ പഠനം തുടര്‍ന്നേ മതിയാകൂ എന്ന തിരിച്ചറിവിന്റെ പാതയിലാണ് ഇപ്പോള്‍ നീനു. ഇന്നലെ രാവിലെ തന്നെ നീനു കെവിന്റെ പിതാവ് ജോസഫിന്റെ കൈയും പിടിച്ച് കോളേജിലേക്ക് നടന്നു കയറി.
രാവിലെ കെവിന്റെ സഹോദരി കൃപ നല്‍കിയ ചുരിദാറും ധരിച്ച് കെവിന്റെ അമ്മ നല്‍കിയ പൊതിച്ചോറും വാങ്ങി കെവിന്റെ പിതാവിന്റെ ബൈക്കിന് പിന്നിലിരുന്നായിരുന്നു നീനു വീണ്ടും കോളേജിലേക്ക് പോയത്. കെവിന്‍ മരിച്ച് 17-ാം ദിവസമായിരുന്നു കോളേജിലേക്ക് നീനു പോയത്. കോളേജിലേക്ക് ഇറങ്ങുന്നതിന് മുമ്ബ് അവള്‍ പ്രിയപ്പെട്ടവന്റെ ഫോട്ടോയ്ക്ക് മുന്നില്‍ കുറച്ച് നേരം നിന്നു. കെവിനച്ചാച്ചനോട് മൗന അനുവാദവും ചോദിച്ച ശേഷമായിരുന്നു അവള്‍ നടന്ന് നീങ്ങിയത്.

ആദ്യത്തെ യാത്ര കോട്ടയം ഗാന്ധിനഗര്‍ പൊലിസ് സ്റ്റേഷനിലേക്കായിരുന്നു. ഇതിനു മുന്‍പ് അവള്‍ ഈ പൊലിസ് സ്റ്റേഷനില്‍ ചെന്നത് അവള്‍ മറന്നിട്ടില്ല. കരഞ്ഞുവീര്‍ത്ത കണ്ണുകളോടെ, അപമാനിതയായിനിന്നത്, കെവിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് തന്റെ മുന്നില്‍വച്ച് അപമാനിച്ചത്, കെവിനെ കാണാനില്ലെന്ന് വാവിട്ടുകരഞ്ഞത്.. എല്ലാം ഈ സറ്റേഷനില്‍വച്ചായിരുന്നു. പക്ഷേ ഇത്തവണ പഴയ നീനുവായിരുന്നില്ല. തല ഉയര്‍ത്തിപ്പിടിച്ച്, കെവിന്റെ അച്ഛനൊപ്പം ,ജോസഫിന്റെ മകളായിട്ടായിരുന്നു നീനുവിന്റെ യാത്ര.

വീണ്ടും കോളേജില്‍ പോകാന്‍ എന്തെങ്കിലും നടപടിക്രമങ്ങളുണ്ടോ എന്ന് കോട്ടയം എസ് പി യോടു ജോസഫ് ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കോളേജില്‍ പോകുന്നത് അറിയിച്ചത്.പിന്നെ മാന്നാനത്തേക്ക്.. നീനു എത്തുന്നത് ക്ലാസിലെ കൂട്ടുകാരികള്‍ കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. അവരുടെ വിളികളാണ് അവളെ വീണ്ടും കാമ്ബസ്സിലേക്ക് നയിച്ചതും.

അമലഗിരി ബി.കെ. കോളജിലെ ബി.എസ്.സി. ജിയോളജി വിദ്യാര്‍ത്ഥിനിയാണ് നീനു. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായാണ് ഇന്നലെ കോളജിലെത്തിയത്. തുടര്‍പഠനത്തിന്റെ ചെലവുകളെല്ലാം സര്‍ക്കാര്‍ വഹിക്കുമെന്ന പ്രഖ്യാപനം അറിയാതെയാണ് നീനു ഇന്നലെ കെവിന്റെ പിതാവ് ജോസഫിനൊപ്പം കോളജിലെത്തിയത്. അവിടെ അവളെ സ്വീകരിക്കാന്‍ കൂട്ടുകാരികളെല്ലാം ഉണ്ടായിരുന്നു. കണ്ണുനീരിന്റെ നനവുള്ള സന്തോഷം അവരും പങ്കുവെച്ചു. ജോസഫിനൊപ്പം പ്രിന്‍സിപ്പലിനെ കണ്ടശേഷം അവള്‍ ക്ലാസിലേക്ക് നടന്ന് നീങ്ങി. കുറച്ച് നേരം ജോസഫ് ആ മകളുടെ പോക്ക് നോക്കി നിന്നു. സുഹൃത്തുക്കളില്‍ നിന്നു നീനു നോട്ട് കുറിച്ചു വാങ്ങി. വൈകിട്ട് മകളെ വീട്ടിലേക്ക് തിരികെക്കൊണ്ടു പോകാനും ആ പിതാവ് വന്നിരുന്നു.
അവള്‍ പഠിക്കട്ടെ, ഇനി ഒരുപാടു ജീവിക്കാനുള്ളതല്ലേ..അതിനു വേണ്ടത് ഞങ്ങളാല്‍ ആവുന്നത് ചെയ്തുകൊടുക്കും.”’ജോസഫിന്റെ ഉറച്ച വാക്കുകള്‍”.വീടു നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുമെന്നറിയിച്ചത് ആശ്വാസം നല്‍കുന്നുവെന്നു ജോസഫ് പറഞ്ഞു. വീടില്ലാതെ വര്‍ഷങ്ങളായി കഴിയുന്നതിന്റെ വിഷമം പറഞ്ഞറിയിക്കാനാകില്ല. വാടകവീട് സംഘടിപ്പിക്കുക എളുപ്പമല്ല. പലപ്പോഴും മാസങ്ങള്‍ അന്വേഷിച്ചാലായിരുന്നു വീടു ലഭിച്ചിരുന്നത്. 16 വര്‍ഷമായി വാടകവീട്ടിലാണു ജോസഫും കുടുംബവും താമസിക്കുന്നത്. നട്ടാശേരിയിലെ ഇപ്പോഴത്തെ വീട്ടിലെത്തിയിട്ട് അഞ്ചുമാസമേ ആയിട്ടുള്ളൂ.
ഇന്നലെ കെവിന്റെ കുടുംബത്തിനു വീടുവയ്ക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷവും വീട് വയ്ക്കുന്നതിന് നാല് ലക്ഷം രൂപയുമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം അനുവദിച്ചത്. കെവിന്റെ ഭാര്യ നീനുവിന്റെ തുടര്‍പഠനത്തിനാവശ്യമായ ധനസഹായവും അനുവദിക്കും.
