സംസ്ഥാന സ്കൂള്‍ കായിക മേള: എറണാകുളത്തിന് 13-ാം കിരീടം

തിരുവനന്തപുരം: എതിരാളികളെ ബഹുദൂരം പിന്നിലാക്കി എറണാകുളം സംസ്ഥാന സ്കൂള്‍ അത്ലറ്റിക് കിരീടം സ്വന്തമാക്കി. 253 പോയിന്റോടെയാണ് അവര്‍ 13-ാംകിരീടം നേടിയത്. 196 പോയിന്റുമായി പാലക്കാടാണ് രണ്ടാമത്. 101 പോയിന്റുമായി തിരുവനന്തപുരമാണ് മൂന്നാമത്. ഒരു പോയിന്റ് വ്യത്യാസത്തില്‍ കോഴിക്കോട് നാലാമത്. കോതമംഗലം സെന്റ് ജോര്‍ജ് സ്കൂള്‍ ചാമ്പ്യന്‍ സ്കൂളായി.
കോരുത്തോടിന്റെ കരുത്തില്‍ കുതിച്ചിരുന്ന കോട്ടയത്തിന്റെ ആധിപത്യത്തിന് വിരാമമിട്ട് 2004ല്‍ തുടങ്ങിയതാണ് എറണാകുളത്തിന്റെ ജൈത്രയാത്ര. 2012ലും 2016ലും പാലക്കാടിനുപിന്നില് രണ്ടാമതായി. എന്നാല്‍, കഴിഞ്ഞവര്‍ഷം പാലായിലും ഇത്തവണ തിരുവനന്തപുരത്തും ഒന്നാമതെത്തിയ എറണാകുളം ആധിപത്യം ഉറപ്പിച്ചു.

സെന്റ് ജോര്‍ജ് എച്ച്എസ്എസ്, മാര്‍ ബേസില്‍ എച്ച്എസ്എസ് എന്നീ ചാമ്പ്യന്‍ സ്കൂളുകളാണ് എറണാകുളത്തിന്റെ മേധാവിത്വത്തിനുപിന്നില്‍. ഇത്തവണ രണ്ട് സ്കൂളുകളും ചേര്‍ന്ന് 131 പോയിന്റ് ജില്ലയ്ക്ക് നേടിക്കൊടുത്തു. 25 പോയിന്റുമായി തേവര സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസും കാര്യമായ സംഭാവന നല്കി. ഏഴ് സ്വര്‍ണം നേടിയ മേഴ്സി കുട്ടന് അക്കാദമി താരങ്ങള്‍ എറണാകുളത്തിന്റെ മുന്നേറ്റത്തിന് മുതല്‍ക്കൂട്ടായി.

സബ്ജൂനിയര്, സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗങ്ങളിലാണ് എറണാകുളം കൂടുതല്‍ മികവ് കാട്ടിയത്. സബ് ജൂനിയര്‍ ആണ്‍വിഭാഗത്തില്‍ 59 പോയിന്റും സീനിയര്‍ ആണ്‍വിഭാഗത്തില്‍ 58 പോയിന്റും നേടി. സബ്ജൂനിയര് ആണ്-പെണ് വിഭാഗങ്ങളിലായി എറണാകുളം 78 പോയിന്റ് നേടിയപ്പോള്‍, പാലക്കാടിന് 16 പോയിന്റാണുള്ളത്. മൂന്ന് സ്വര്‍ണംവീതം നേടിയ ചിങ്കിസ് ഖാന് (സബ്ജൂനിയര്, ആണ്), എ എസ് സാന്ദ്ര (ജൂനിയര്‍), ആദര്‍ശ് ഗോപി (സീനിയര്‍) എന്നിവര്‍ എറണാകുളത്തിന്റെ താരങ്ങളാണ്.

കല്ലടി എച്ച്എസ്എസ് സ്കൂളിന്റെ മികവാണ് പാലക്കാടിന് തുണയായത്. 62 പോയിന്റുമായി സ്കൂളുകളില്‍ രണ്ടാമതാണ് കല്ലടി. പറളി, മുണ്ടൂര്‍ സ്കൂളുകള്‍ പിന്നോട്ടുപോയത് പാലക്കാടിന്റെ കുതിപ്പിന് തടസ്സമായി. കഴിഞ്ഞതവണ മികച്ച രണ്ടാമത്തെ സ്കൂളായ സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുല്ലൂരാമ്ബാറ മങ്ങിയതാണ് കോഴിക്കോടിന് തിരിച്ചടിയായത്. 28 പോയിന്റുമായി ആറാമതാണ് ഇത്തവണ പുല്ലൂരാമ്ബാറ.
