സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും

തിരുവനന്തപുരം: അന്‍പത്താറാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. 19 വേദികളില്‍ 232 ഇനങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തില്‍ 12000 കലാപ്രതിഭകള്‍ മാറ്റുരയ്ക്കും.പ്രധാനവേദിയായ പുത്തരിക്കണ്ടത്ത് വൈകുന്നേരം അഞ്ചു മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേളക്ക് തിരിതെളിക്കും, സ്പീക്കര്‍ എന്‍ ശക്തന്‍ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കലോത്സം ഉത്സവമാക്കാന്‍ തലസ്ഥാന നഗരം ഒരുങ്ങി കഴിഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തുടക്കം കുറിച്ച് രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.ഏഴു ദിവസം 19 വേദികളിയായി നടക്കുന്ന കലോത്സവത്തിന് പ്രൗഡഗംഭീരമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് തുടക്കമാകുന്നത്. സാംസ്കാരിക ഘോഷയാത്ര ഡി.ജി.പി. ടി.പി സെന്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. 10000 പേര്‍ ഘോഷയാത്രയില്‍ അണിനിരക്കും.
