സംസ്ഥാന സ്കൂള്‍ കലോത്സവം; ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം മുഖ്യവേദിയായ പൊലീസ് മൈതാനിയിലെ ആറുനിലപ്പന്തലായ നിളയില്‍ ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാകും. ഗായിക കെ. എസ് ചിത്ര മുഖ്യാതിഥിയായിരിക്കും. 57 സംഗീതാധ്യാപകര്‍ സ്വാഗതഗാനം ആലപിക്കും. നൂറോളം പ്രതിഭകള്‍ ഒരുക്കുന്ന ദൃശ്യാവിഷ്കാരവുമുണ്ടാകും. 20 വേദികളിലായി 232 കലാ ഇനങ്ങള്‍ അരങ്ങേറുന്ന പ്രകൃതി സൗഹൃദ കലോത്സവത്തിനാണ് കണ്ണൂര്‍ കണ്ണെഴുതി പൊട്ടുതൊട്ടത്.
പകല്‍ രണ്ടരക്ക് സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്ന് ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയില്‍ ഭിന്നലിംഗക്കാരും പങ്കാളികളാവുന്നുവെന്ന പ്രത്യേകതയുമുണ്ട്. മേളയില്‍ പങ്കെടുക്കാനുള്ള 14 ജില്ലകളില്‍നിന്നുമുള്ള കലാപ്രതിഭകള്‍ ഞായറാഴ്ച വൈകിട്ടോടെ കണ്ണൂരില്‍ എത്തിത്തുടങ്ങി. ടി വി രാജേഷ് എംഎല്‍എ പാലുകാച്ചിയതോടെ കലോത്സവ ഊട്ടുപുര ഞായറാഴ്ച തന്നെ സജീവമായി. പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നാല്പതോളം ചേര്‍ന്നാണ് ഭക്ഷണം ഒരുക്കുന്നത്.

കലോത്സവ മാന്വല്‍ പരിഷ്കരണത്തിന് തയ്യാറെടുക്കുന്ന സംസ്ഥാന കലോത്സവം എന്ന പ്രത്യേകതയും കണ്ണൂര്‍ കലോത്സവത്തിനുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം വേദികളും വിധി കര്‍ത്താക്കളും കുട്ടികളും രക്ഷിതാക്കളും വിജിലന്‍സ് നിരീക്ഷണത്തിലാണ്. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ണൂര്‍ യൂണിറ്റിന്റെയും വിജിലന്‍സ് ഡയറക്ടറുടെ കിഴിലുള്ള റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെയും സംസ്ഥാന വിജിലന്‍സ് സെല്ലിന്റെയും സ്ക്വാഡുകള്‍ കലോത്സവ നടപടികള്‍ നിരീക്ഷിക്കും. സൈബര്‍ സെല്ലിന്റെ സഹായവും ഏര്‍പ്പെടുത്തും. വിധികര്‍ത്താക്കളുടെ താമസസ്ഥലവും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും നിരീക്ഷണ പരിധിയിലാണ്. 22ന് വൈകിട്ട് നാ ലിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നി ത്തല ഉദ്ഘാടനംചെയ്യും.




