സംസ്ഥാന സ്കൂള്‍ അത്ലറ്റിക്‌സ് : കല്ലടി ഹൈസ്കൂളിലെ സി ബബിത 9:37.2 സെക്കന്‍ഡില്‍ സ്വര്‍ണം നേടി

തേഞ്ഞിപ്പലം > ത്രസിപ്പിക്കുന്നൊരു പോരോടെ സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സിന് ആവേശത്തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ രണ്ട് പെണ്‍കുട്ടികള്‍ ദേശീയസമയം മറികടന്ന് കുതിച്ചെത്തിയപ്പോള്‍ മീറ്റിന്റെ അറുപതാമത് പതിപ്പിന്റെ ആദ്യനാള്‍ മൂന്ന് മീറ്റ് റെക്കോഡുകള്‍.
കുമരംപുത്തൂര്‍ കല്ലടി ഹൈസ്കൂളിലെ സി ബബിത 9:37.2 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. ഒപ്പത്തിനൊപ്പം പൊരുതിയ കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെ അനുമോള്‍ തമ്പി 9:39.5 സെക്കന്‍ഡില്‍ വെള്ളിയിലേക്കിറങ്ങി. രണ്ടുപേരും ദേശീയ-സംസ്ഥാന സമയങ്ങള്‍ മറികടന്നു. 2013ല്‍ മുണ്ടൂര്‍ സ്കൂളിലെ പി യു ചിത്ര നേടിയ 9:54.90 സെക്കന്‍ഡാണ് മാഞ്ഞത്. അവസാന വളവുവരെ മുന്നിലായിരുന്ന അനുമോളെ മോഹിപ്പിക്കുന്ന കുതിപ്പിലാണ് പ്ളസ്ടുക്കാരിയായ ബബിത പിന്തള്ളിയത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 11 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് തിരുവനന്തപുരം സായിയുടെ മേഘ മറിയം മാത്യു എറിഞ്ഞിട്ടത്-11.95 മീറ്റര്‍. 2005ല്‍ ജെ ശരണ്യ കണ്ടെത്തിയ 11.57 മീറ്റര്‍ ഇനിയില്ല. സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയില്‍ കോതമംഗലം മാര്‍ബേസിലിലെ അമല്‍ പി രാഘവ് 44.09 മീറ്റര്‍ എറിഞ്ഞ് പുതിയ ദൂരം കുറിച്ചു. 2014ല്‍ ഷിജോമാത്യു സ്ഥാപിച്ച 40.71 മീറ്റര്‍ മറഞ്ഞു.
വെയില്‍ മാറി, മഴ കാത്തുകിടന്ന കലിക്കറ്റ് സര്‍വകലാശാലാ സിന്തറ്റിക് ട്രാക്കില്‍ പി ടി ഉഷയുടെ മൂന്ന് പെണ്‍കുട്ടികള്‍ 400 മീറ്ററില്‍ സ്വര്‍ണം വെട്ടിപ്പിടിച്ചു. സബ്ജൂനിയര്‍ വിഭാഗത്തില്‍ എല്‍ഗ തോമസും ജൂനിയറില്‍ ടി സൂര്യമോളും സീനിയറില്‍ അബിത മേരി മാനുവലും ഒന്നാമതെത്തി. മൂവരും കോഴിക്കോട് പൂവമ്പായി എഎംഎച്ച്എസ്സില്‍ പഠിച്ച് ഉഷയുടെ കീഴില്‍ പരിശീലിക്കുന്നു.
18 ഇനങ്ങള്‍ പൂര്‍ത്തിയായ ദിവസം 58 പോയിന്റോടെ എറണാകുളം മുന്നിലാണ്. പാലക്കാടും (40 പോയിന്റ്) കോഴിക്കോടുമാണ്(19) പിന്നില്‍. സ്കൂളുകളില്‍ മാര്‍ബേസില്‍ 28 പോയിന്റോടെ ഒന്നാമതാണ്. പൂവമ്പായി സ്കൂളിന് 16 പോയിന്റുണ്ട്. സെന്റ്ജോര്‍ജ് 12, കല്ലടി സ്കൂള്‍ 12, പറളി സ്കൂള്‍ 11, മുണ്ടൂര്‍ സ്കൂള്‍ 8 എന്നിവര്‍ പിന്നാലെയുണ്ട്. സംസ്ഥാനമീറ്റില്‍ എക്കാലവും അവസാന സ്ഥാനക്കാരായ പത്തനംതിട്ട ജില്ല രണ്ട് സ്വര്‍ണം നേടി ശ്രദ്ധപിടിച്ചുപറ്റി.
നാലുദിവസത്തെ മീറ്റ് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പി ടി ഉഷ ഏറ്റുവാങ്ങിയ ദീപശിഖ നടത്തക്കാരനായ ഒളിമ്പ്യന്‍ കെ ടി ഇര്‍ഫാന്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചു. ഞായറാഴ്ച 21 ഫൈനല്‍ നടക്കും.

