KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരില്‍ നിരന്തരമായി ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെ ഭാഗമാണ് തിങ്കളാഴ്ചയുണ്ടായ കൊലപാതകങ്ങളെന്നും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഈ സംഭവങ്ങള്‍ ചര്‍ച്ചാ വിഷയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു അക്രമസംഭവം നടന്നതിന്റെ പിന്നാലെ പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്നും കുമ്മനം പറഞ്ഞു. കണ്ണൂരില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍ക്കും തമ്മില്‍ വ്യത്യാസമൊന്നുമില്ല. രണ്ട് കൊലപാതകങ്ങളിലും പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരുടെ രാഷ്ട്രീയം നോക്കാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് കൊലപാതകങ്ങള്‍ വര്‍ധിച്ചുവരികയാണ്. കണ്ണൂരില്‍ ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നടന്ന ആക്രമ സംഭവങ്ങള്‍ക്ക് മറുപടി പറയാന്‍ പിണറായി സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കുമ്മനം പറഞ്ഞു. അക്രമപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് നിര്‍ബാധം അത് തുടരാനുള്ള അവസരം ഇപ്പോള്‍ കേരളത്തിലുണ്ട്. അക്രമവും സംഘര്‍ഷവും നടക്കുന്ന മേഖലകളില്‍ ജീവിക്കുന്ന ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടിരിക്കുകയാണെന്ന് കുമ്മനം കുറ്റപ്പെടുത്തി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *