സംസ്ഥാനത്ത് കണക്കില്ലാത്ത പണം വെളുപ്പിക്കുന്നതിന് കൂട്ടുനിന്നത് പുതുതലമുറ ബാങ്കുകള്‍

തിരുവനന്തപുരം > നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനുശേഷം സംസ്ഥാനത്ത് കണക്കില്ലാത്ത പണം വെളുപ്പിക്കുന്നതിന് കൂട്ടുനിന്നത് പുതുതലമുറ ബാങ്കുകളും വാണിജ്യബാങ്കുകളും. ബാങ്കേഴ്സ് സമിതിയുടെ ഔദ്യോഗിക കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നവംബര്‍ പത്തുമുതല്‍ 14 വരെ പുതുതലമുറ ബാങ്കുകളിലും വാണിജ്യബാങ്കുകളിലുമായി നിക്ഷേപിച്ചത് 2689.44 കോടി രൂപയുടെ അസാധുനോട്ടുകള്‍. ഇതേകാലയളവില്‍ ജില്ലാ സഹകരണ ബാങ്കുകളിലെത്തിയത് 570.98 കോടി രൂപമാത്രം. പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്ന് ജില്ലാ സഹകരണ ബാങ്കുകളിലേക്ക് എത്തിയതാകട്ടെ 1245.64 കോടി രൂപയും. ഇതെല്ലാം കെവൈസി നിബന്ധനകള്‍ അനുസരിച്ചുള്ള അക്കൌണ്ടുകള്‍ വഴിയായിരുന്നു.
ജില്ലാ സഹകരണ ബാങ്കുകളില്‍ നവംബര്‍ ഒമ്പതിന് 872.82 കോടി രൂപ നീക്കിയിരിപ്പും ഉണ്ടായിരുന്നു. സംസ്ഥാന സഹകരണ ബാങ്കില്‍ നവംബര്‍ ഒമ്പതിലെ നീക്കിയിരിപ്പ് 149.16 കോടി രൂപ. നവംബര്‍ പത്തുമുതല്‍ അസാധുനോട്ടുകളുടെ നിക്ഷേപം 394.08 കോടി. റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ എത്തിയത് 543.24 കോടിയുടേതും.

നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനുശേഷം റിസര്‍വ് ബാങ്ക് നിര്‍ദേശം പാലിച്ചാണ് കേരളത്തിലെ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നബാര്‍ഡ് കേരളത്തിലെ സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. 11, 12, 13 തീയതികളില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ നബാര്‍ഡ് പരിശോധിച്ചു. ഒരു ക്രമക്കേടും കണ്ടെത്തിയില്ല. പിന്നീട് സിബിഐ, ധനകാര്യ എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങള്‍ നടത്തിയ പരിശോധനയിലും ക്രമക്കേട് കണ്ടെത്തിയില്ല.

സഹകരണ ബാങ്കുകള്‍ പുതുതലമുറ ബാങ്കുകളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിച്ചു എന്ന ആക്ഷേപവും ബിജെപി നേതാക്കള്‍ ഉന്നയിച്ചു. നവംബര്‍ 17ന് റിസര്‍വ് ബാങ്ക് ഇറക്കിയ സര്‍ക്കുലറിന്റെ മറപിടിച്ചായിരുന്നു ആക്ഷേപം. സഹകരണ ബാങ്കുകളിലെ അസാധുനോട്ടുകള്‍ ഏറ്റെടുക്കരുതെന്ന് സര്‍ക്കുലറില്‍ മറ്റു ബാങ്കുകളോട് നിര്‍ദേശിച്ചു. എന്നാല്‍, ഈ അവസരത്തില്‍ സര്‍ക്കുലര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് വാണിജ്യ- പുതുതലമുറ ബാങ്കുകള്‍ സഹകരണ ബാങ്കുകളെ സമീപിച്ച് അസാധുനോട്ടുകള്‍ഏറ്റെടുക്കാന്‍ സന്നദ്ധമാവുകയാണ് ഉണ്ടായത്. മറ്റു ബാങ്കുകളുടെ ഇത്തരമൊരു നടപടിക്കുപിന്നില്‍ റിസര്‍വ് ബാങ്കിന്റെ മൌനാനുവാദം ഉണ്ടായതായാണ് സംശയിക്കുന്നത്. ധനമന്ത്രി ടി എം തോമസ് ഐസക്കും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും കേന്ദ്ര ധനമന്ത്രിയെ നേരില്‍ കണ്ട് സഹകരണ ബാങ്കുകളുടെ കൈവശമുള്ള അസാധുനോട്ടുകള്‍ സ്വീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു നടപടിയും ഉണ്ടായില്ല.

