സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികള്‍ മുടക്കമില്ലാതെ പ്രവര്‍ത്തിപ്പിക്കും: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം : സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികള്‍ മുടക്കമില്ലാതെ പ്രവര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കണ്ണനല്ലൂര്‍ ഫാക്ടറിയില്‍ കശുവണ്ടി വികസന കോര്‍പറേഷനിലേയും കാപ്പക്‌സിലേയും തൊഴിലാളികള്‍ക്കുള്ള 2011, 2012 വര്‍ഷങ്ങളിലെ ഗ്രാറ്റുവിറ്റി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
തൊഴിലാളികളുടെ ആനൂകൂല്യങ്ങള്‍ കഴിവതും വേഗം നല്‍കുന്നതിന്റെ ഭാഗമായി 2013, 2014 വര്‍ഷങ്ങളിലെ ഗ്രാറ്റുവിറ്റിയുടെ ഗഡു ഇക്കൊല്ലം തന്നെ നല്‍കുന്നത് പരിഗണിക്കും. കാഷ്യു കോര്‍പറേഷന്റെ മികച്ച ഇടപെടല്‍ വഴി വിലകുറച്ച് തോട്ടണ്ടി വാങ്ങാനായി. ഈ മാസം തന്നെ വിലകുറച്ച് വാങ്ങിയ തോട്ടണ്ടി എത്തിക്കാനാകും. ഇതോടെ വ്യവസായം നഷ്ടമില്ലാതെ നടത്താമെന്നാണ് പ്രതീക്ഷ. റിസര്‍വ് ബാങ്ക് നയത്തില്‍ മാറ്റമുണ്ടായാല്‍ സ്വകാര്യമേഖലയിലെ അടക്കം ഫാക്ടറികള്‍ ഇടതടവില്ലാതെ പ്രവര്‍ത്തിപ്പിക്കാനാകും.

ഇരുപത്തിയൊന്നര കോടി രൂപയാണ് ഇവിടെ വിതരണം ചെയ്യുന്നത്. ഇതില്‍ അഞ്ചു കോടി രൂപ കാപക്‌സിലെ തൊഴിലാളികള്‍ക്കാണ്. സാമ്ബത്തിക പ്രതിസന്ധിക്കിടയിലും ആനുകൂല്യം ലഭ്യമാക്കാനായത് കണക്കിലെടുത്ത് കിട്ടിയ തുകയില്‍ അവരവരാല്‍ കഴിയുന്ന തുക പ്രളയദുരിതാശ്വാസത്തിനായി സംഭാവന ചെയ്യണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ അധ്യക്ഷനായി. കാപ്പക്‌സ് ചെയര്‍മാന്‍ പി.ആര്‍. വസന്തന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

കശുമാവ് കൃഷി വികസന ഏജന്‍സി ചെയര്‍മാന്‍ സിരീഷ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലോചന, ജില്ലാ പഞ്ചായത്ത് അംഗം ഷെര്‍ളി സത്യദേവന്‍, കശുവണ്ടി വികസന കോര്‍പറേഷന്‍ ഭരണസമിതി അംഗങ്ങളായ ജി. ബാബു, കാഞ്ഞിരംവിള അജയകുമാര്‍, സജി ഡി. ആനന്ദ്, മാനേജിംഗ് ഡയറക്ടര്‍ രാജേഷ് രാമകൃഷ്ണന്‍, പേഴ്‌സണല്‍ മാനേജര്‍ എസ്. അജിത്ത് തുടങ്ങിയവരും പങ്കെടുത്തു.

