KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മധ്യ വേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിന് വിലക്ക്

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മധ്യ വേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിന് വിലക്ക്. ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാന്‍ ബാലാവകാശ കമ്മിഷന്‍ പൊതു വിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്ന സ്കൂളുകളില്‍ ശുദ്ധ ജലലഭ്യത ഉറപ്പുവരുത്തണമെന്ന് കമ്മിഷന്‍ ഫെബ്രുവരി 25-ന് നിര്‍ദേശിച്ചിരുന്നു. കടുത്ത ചൂടും ജലക്ഷാമവും അവഗണിച്ച്‌ കുട്ടികള്‍ക്ക് ക്ലാസ് നടത്തുന്നതായി കമ്മിഷന് ഒട്ടേറെ പരാതികളും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ കര്‍ശനനിര്‍ദേശം നല്‍കിയത്.

സ്കൂളുകളില്‍ വേനലവധി ക്യാമ്പുകളും പഠനശാലയും നടത്തുന്നത് സംബന്ധിച്ച്‌ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൃത്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. പരമാവധി ദൈര്‍ഘ്യം, ജലലഭ്യത, ടോയ്ലെറ്റ് സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ചാണ് നിര്‍ദേശം പുറപ്പെടുവിക്കേണ്ടത്.

Advertisements

കേരള വിദ്യാഭ്യാസ ചട്ടത്തിലെയും ബാലാവകാശം സംബന്ധിച്ച യു.എന്‍. കണ്‍വെന്‍ഷന്റെയും അടിസ്ഥാനത്തില്‍ എല്ലാ സ്കൂളുകള്‍ക്കും ബാധകമായ തരത്തില്‍ നിര്‍ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറപ്പെടുവിക്കണം.

വേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കിയുള്ള ശുപാര്‍ശയില്‍ സ്വീകരിച്ച നടപടിയുടെ റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം പൊതു വിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കണം. മറ്റ് ശുപാര്‍ശകളിന്മേലുള്ള റിപ്പോര്‍ട്ട് ഒരുമാസത്തിനകം നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *