KOYILANDY DIARY.COM

The Perfect News Portal

സംരംഭകത്വ വികസന ക്ലബ്ബുകള്‍ക്ക് രൂപം നല്‍കും: മന്ത്രി ടി.പി രാമകൃഷ്ണന്‍

കണ്ണൂര്‍: കേരളത്തിലെ എല്ലാ ഗവ. ഐ.ടി.ഐകളെയും അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. പന്ന്യന്നൂര്‍ പഞ്ചായത്തില്‍ ഗവ. ഐ ടി ഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് സംരംഭകത്വ വികസന ക്ലബ്ബുകള്‍ക്ക് രൂപം കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

പരമ്ബരാഗതതൊഴിലുകള്‍ പഠിച്ചത് കൊണ്ട് മാത്രം അന്താരാഷ്ട്ര തൊഴില്‍ കമ്ബോളത്തില്‍ പിടിച്ചുനില്‍ക്കാനാവില്ല. മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ വിദ്യാര്‍ഥികളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിച്ചേതീരൂ. ഇതിനായി മുഴുവന്‍ ഐ.ടി.ഐകളിലും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിക്കും. സര്‍ക്കാര്‍ ഐടിഐകളിലെ പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളില്‍ ഉന്നതപരിശീലനം ലഭ്യമാക്കാനും നടപടിയെടുക്കും. 63 വിദ്യാര്‍ഥികളെ സിംഗപ്പൂരില്‍ പരിശീലനം നല്‍കുന്നതിനായി തെരഞ്ഞെടുത്തു കഴിഞ്ഞു. വ്യാവസായിക പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഐടിഐ ട്രെയിനികള്‍ക്ക് ഈ വര്‍ഷം മുതല്‍ അപകട ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയതായും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

നൈപുണ്യക്കുറവും പുതിയ തൊഴില്‍ മേഖലകളിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള കഴിവ് നേടുന്നതിലെ പോരായ്മകളുമാണ് നമ്മുടെ യുവാക്കള്‍ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി. ഇതുമറികടക്കാന്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകള്‍, എംപ്ലോയബിലിറ്റി സെന്ററുകള്‍ തുടങ്ങിയവ മുഖേന നൈപുണ്യവികസനപദ്ധതികള്‍ നടപ്പാക്കിവരികയാണെന്നും മന്ത്രി അറിയിച്ചു.

Advertisements

വിദേശ രാജ്യങ്ങളില്‍ നഴ്‌സിംഗ് ഉള്‍പ്പടെയുള്ള റിക്രൂട്ട്‌മെന്റുകളുടെ മറവില്‍ നടക്കുന്ന തട്ടിപ്പുകളും ചൂഷണങ്ങളും തടയുന്നതിനാവശ്യമായ നടപടികളും സ്വീകരിച്ചു വരികയാണ്. നിലവില്‍ ആരോഗ്യമേഖലയില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്ന ഒഡെപെക് മറ്റു രംഗങ്ങളിലേക്കു കൂടി കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ അഡ്വ. എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. അഡീ. ഡയറക്ടര്‍ ഓഫ് ട്രെയിനിംഗ് പി.കെ മാധവന്‍ പദ്ധതി വിശദീകരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഇ. വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ കെ. ഷിമി, പി.ഹരീന്ദ്രന്‍, സുനില്‍ ജേക്കബ്, കെ. ശശിധരന്‍, കെ.കെ ബാലന്‍, റഹീം ചമ്ബാട്, എംപി സുമേഷ്, രവീന്ദ്രന്‍ കുന്നോത്ത്, പന്ന്യന്നൂര്‍ രാമചന്ദ്രന്‍, പി. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസി. എ.ശൈലജ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി വി.പി ജയപ്രകാശ് നന്ദിയും പറഞ്ഞു.

 

ഐടിഐ സ്ഥാപിക്കുന്നതിനായി ജനകീയ കമ്മിറ്റി രൂപീകരിച്ച്‌ പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ നിന്നായി 40 ലക്ഷത്തോളം രൂപ സ്വരൂപിച്ചിരുന്നു. സംസ്ഥാനത്തെ തൊണ്ണൂറ്റി രണ്ടാമത്തെ ഗവ.ഐ.ടി.ഐയാണ് പന്ന്യന്നൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്‌ട്രീഷ്യന്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, വെല്‍ഡര്‍ എന്നീ ട്രേഡുകളുടെ രണ്ട് യൂണിറ്റ് വീതമാണ് പന്ന്യന്നൂര്‍ ഐ.ടി.ഐയില്‍ ആരംഭിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *