സംഘപരിവാറിന്റെ ഭീഷണിക്ക് പിണറായി വിജയന്റെ മറുപടി, മംഗളൂരുവിലെ പരിപാടിയില്‍ പങ്കെടുക്കും
കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നത് സിപിഎമ്മാണെന്നും, അതിന് നേതൃത്വം നല്‍കുന്നത് സിപിഎം നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനാണെന്നും ആരോപിച്ചാണ് സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം. പിണറായി വിജയനെ മംഗളൂരുവില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് വിഎച്ച്പി നേതാവ് എംബി പുരാനിക് വ്യക്തമാക്കിയത്.
പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടി നടക്കുന്ന ദിവസം മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ ഹര്‍ത്താലിനും സംഘപരിവാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിഎച്ച്പി, ബംജ്‌റംഗ്ദള്‍ തുടങ്ങിയ സംഘടനകളാണ് പിണറായിക്കെതിരെ പ്രതിഷേധവുമായി രംഗത്തുള്ളത്. പിണറായി വിജയനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ സംഘപരിവാര്‍ വെല്ലുവിളിയെക്കുറിച്ച് തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞത്. ഫെബ്രുവരി 25ന് മംഗളൂരുവില്‍ രണ്ട് പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു മതസൗഹാര്‍ദ്ദ റാലിലും, ഒരു മാധ്യമ സ്ഥാപനത്തിന്റെ ചടങ്ങും, ഈ രണ്ട് പരിപാടികളിലും പങ്കെടുക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പ് കാരണം മധ്യപ്രദേശിലെ ചില പരിപാടികളില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രിക്ക് മടങ്ങേണ്ടി വന്നിരുന്നു.

