KOYILANDY DIARY.COM

The Perfect News Portal

സംഘപരിവാര്‍ സംഘടനകള്‍ വധഭീഷണി മുഴക്കി: ദീപ നിശാന്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തൃശ്ശൂര്‍: സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അപകീര്‍ത്തികരമായ ചിത്രങ്ങള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ കേരള വര്‍മ കോളേജ് അധ്യാപിക ദീപ നിശാന്ത് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കി. മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന കാവിപ്പട, ഔട്സ്പോക്കണ്‍ എന്നീ ഫെയ്ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരെയാണ് സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം പരാതി നല്‍കിയത്. കുടുംബത്തെ ഒന്നാകെ അപായപ്പെടുത്തുമെന്നു കാട്ടി സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിമുഴക്കുന്നതായും പരാതിയുണ്ട്.

ചിത്രകാരന്‍ എം.എഫ് ഹുസൈന്‍ വരച്ച സരസ്വതിയുടെ പെയ്ന്റിംഗ് കേരള വര്‍മ കോളേജില്‍ സ്ഥാപിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍എസ്‌എസ് സംഘടനകള്‍ സൈബര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു. ഹൈന്ദവ ദൈവത്തെ അവഹേളിച്ചുവെന്ന തരത്തിലുള്ള പ്രചരണത്തിനെതിരെ എസ്‌എഫ്‌ഐയെ അനുകൂലിച്ച്‌ കോളേജിലെ അധ്യാപികയായ ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇതോടെയാണ് സംഘപരിവാര്‍ സംഘടനകള്‍ ദീപ നിശാന്തിനെതിരെ തിരിഞ്ഞത്. പൗരാണിക ഹൈന്ദവ ദൈവങ്ങള്‍ നഗ്നരായിരുന്നുവെന്ന് കാട്ടി ക്ഷേത്രശിലകളുടെ ചിത്രങ്ങള്‍ സഹിതമാണ് ദീപ നിശാന്ത് നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍ അശ്ലീല ചിത്രങ്ങള്‍ക്കൊപ്പം തല വെട്ടി ചേര്‍ത്ത അപകീര്‍ത്തികരമായ പോസ്റ്റുകളാണ് ദീപ നിശാന്തിന് മറുപടിയെന്നോണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എബിവിപിക്കും സംഘപരിവാര്‍ സംഘടകള്‍ക്കും പുറമെ ഔട് സ്പോക്കണ്‍, കാവിപ്പട എന്നീ ഫേസ്ബുക്ക് ഗ്രൂപ്പുകളും അശ്ലീല ചുവയുള്ള സന്ദേശം നിരന്തരം പോസ്റ്റ് ചെയ്യുകയാണ്. ദീപ നിശാന്തിനെതിരെ ആസിഡ് ആക്രമണം നടത്തിയോ, മുറിവേല്‍പ്പിച്ചോ അപായപ്പെടുത്തണമെന്ന ആഹ്വാനങ്ങള്‍ പോലും ഹിന്ദുരക്ഷാ സേന നടത്തി.

Advertisements

ഇതോടെയാണ് സ്ത്രീത്വത്തെ അവഹേളിക്കുന്ന ചിത്രത്തിനും പ്രചരണങ്ങള്‍ക്കുമെതിരെ ദീപ നിശാന്ത് പരാതി നല്‍കിയത്. കുടുംബത്തെയൊന്നാകെ ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണി മുഴക്കുന്ന സ്ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ജോലിയെ ബാധിക്കുന്ന വിധത്തില്‍ തനിക്കെതിരെ വ്യാജ പരാതികള്‍ നല്‍കുന്നതായും ദീപ നിശാന്ത് പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *