സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് ധാര്‍ഷ്ട്യത്തിന് മുന്നില്‍ സാംസ്കാരിക ഐക്യദാര്‍ഢ്യസംഗമം

കോഴിക്കോട്> അഭിപ്രായപ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്യ്രം സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് ധാര്‍ഷ്ട്യതതിന് മുന്നില്‍ അടിയറവെയ്ക്കാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനവുമായി സാംസ്കാരിക ഐക്യദാര്‍ഢ്യസംഗമം.
മലയാളത്തിന്റെ അഭിമാനമായ എം ടി വാസുദേവന്‍ നായര്‍ക്കെതിരായ ആര്‍എസ്‌എസ്ബിജെപി ഭീഷണിയെ ചെറുക്കാന്‍ കലാസാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങള്‍ തയ്യാറെന്ന വിളംബരവുമായായിരുന്നുപുതുവര്‍ഷപ്പിറവിനാളില്‍ കോഴിക്കോട് നടന്ന സംഗമം. എഴുതാനും പറയാനും വരയ്ക്കാനും മിണ്ടാനുമുള്ള അവകാശത്തിനും സ്വാതന്ത്യ്രത്തിനുമെതിരായ സംഘപരിവാര അസഹിഷ്ണുത അംഗീകരിക്കാനാവില്ലെന്ന് സംഗമത്തിനെത്തിയ കലാകാരന്മാരും രാഷ്ട്രീയസാംസ്കാരിക നായകരും വ്യക്തമാക്കി.

മോഡി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ച എംടിയോട് രാജ്യംമാറിയെന്ന് ഭീഷണി മുഴക്കിയവരോട് ഇത് പ്രബുദ്ധമായ മതനിരപേക്ഷജനാധിപത്യ പുരോഗമന കേരളമാണെന്ന് ഓര്‍മ്മിപ്പിക്കുന്നതായി കലാസാംസ്കാരിക പ്രവര്‍ത്തകരും സഹൃദയരും ആസ്വാദകരും നിറഞ്ഞ സാംസ്കാരിക പ്രതിരോധസംഗമം.

കോഴിക്കോട് ടൌണ്‍ഹാള്‍ നിറഞ്ഞുകവിഞ്ഞ ജനാവലി പങ്കെടുത്ത ‘സാംസ്കാരിക കേരളം എംടിയോടൊപ്പം പ്രതിരോധസംഗമം’ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവധായകനുമായ കമല്‍ ഉദ്ഘാടനം ചെയ്തു. അസഹിഷ്ണുത എല്ലാ പടിവാതിലുകളും കടന്ന് നമ്മുടെ മുന്നിലെത്തിയിരിക്കയാണെന്ന് കമല്‍ ഓര്‍മ്മിപ്പിച്ചു. കേളു ഏട്ടന്‍ പഠന കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. കാര്‍ടൂണിസ്റ്റ് പോള്‍ കല്ലാനോട ‘സാംസ്കാരിക കേരളം എംടി ക്കൊപ്പമാണ്’ ഐക്യദാര്‍ഢ്യപ്രമേയം അവതരിപ്പിച്ചു. അസഹിഷ്ണുതയും വിദ്വേഷവും വമിപ്പിക്കുന്ന സംഘപരിവാര രാഷ്ട്രീയ ഭീഷണിക്കെതിരായി അക്ഷരവുമ വാക്കും സ്നേഹിക്കുന്ന മലയാളി എംടിക്കൊപ്പമാണെന്ന് പ്രമേയം വ്യക്തമാക്കി.

ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍, നിരൂപകന്‍ ഡോ. എം എം ബഷീര്‍, കേരള സാഹിത്യ അക്കാദമി വൈസ്പ്രസിഡന്റ് ഡോ. ഖദീജാമുംതാസ്, കഥാകൃത്ത് പി കെ പാറക്കടവ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എ അച്യുതന്‍, വിമര്‍ശകന്‍ ഡോ. വി സുകുമാരന്‍, ചിത്രകാരി കബിത മുഖോപാധ്യായ, കവി വീരാന്‍കുട്ടി, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരംകരീം, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ്ബാബു, സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, മുസ്ളിംലീഗ് നേതാവ് എം കെ മുനീര്‍ എംഎല്‍എ, കെ സി അബു എന്നിവര്‍ സംസാരിച്ചു. കബിതയും വീരാന്‍കുട്ടിയും കവിതയും ചൊല്ലി. എം പി വീരേന്ദ്രകുമാര്‍ എംപിയുടെ സന്ദേശം എ കെ രമേശും യു എ ഖാദറിന്റെ സന്ദേശം ജാനമ്മ കുഞ്ഞുണ്ണിയും അവതരിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. യു ഹേമന്ത്കുമാര്‍ സ്വാഗതം പറഞ്ഞു.
