KOYILANDY DIARY.COM

The Perfect News Portal

ഷാജഹാന്റെ കൊല: ആർഎസ്‌എസ്‌ ബന്ധം മറനീക്കിയതോടെ പുകമറ സൃഷ്‌ടിച്ച്‌ തടിയൂരാൻ സംഘപരിവാർ നീക്കം

പാലക്കാട്‌: സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായവരുടെ ആർഎസ്‌എസ്‌ ബന്ധം മറനീക്കിയതോടെ പുകമറ സൃഷ്‌ടിച്ച്‌ തടിയൂരാൻ സംഘപരിവാർ നീക്കം. പ്രതികൾ സിപിഐ എം പ്രവർത്തകരാണെന്ന്‌ ആവർത്തിച്ച്‌ പറഞ്ഞ്‌ ചർച്ച വഴിതിരിച്ചുവിടാനാണ്‌ നീക്കം. സിപിഐ എം മുൻ പ്രവർത്തകരെ മുന്നിൽനിർത്തിയുള്ള കൊലപാതകം ഉന്നത ആർഎസ്‌എസ്‌ നേതൃതലത്തിന്റെ ഇടപെടലിലും ആസൂത്രണത്തിലുമാണ്‌. രാഷ്‌ട്രീയ എതിരാളിയെ വകവരുത്തുകയും കുറ്റം സിപിഐ എമ്മിനുമേൽ കെട്ടിവയ്‌ക്കുകയുമെന്ന നീചമായ നീക്കത്തിലാണ്‌ ആർഎസ്‌എസ്‌ – ബിജെപി സംഘടനകൾ.

ഏറെ നാളായി സിപിഐ എമ്മുമായി അകന്നു കഴിയുകയും ആർഎസ്‌എസ്‌ ശാഖയിലുൾപ്പെടെ പങ്കെടുക്കുകയും ചെയ്‌തവരും ഷാജഹാനെ കൊലപ്പെടുത്തിയവരിലുണ്ട്‌. എന്നാൽ, പ്രതികൾക്ക്‌ ആയുധം എത്തിച്ചതും കൃത്യത്തിനുശേഷം ഒളിവിൽ കഴിയാൻ സഹായിച്ചതും ആർഎസ്‌എസ്‌ നേതാക്കളാണ്‌. ഇക്കാര്യം പുറത്തുവന്നതോടെ പ്രതിരോധത്തിലായ ആർഎസ്‌എസ്‌ നേതൃത്വം പ്രതികളെക്കൊണ്ട്‌ സിപിഐ എം ബന്ധം പറയാൻ നിർബന്ധിക്കുകയായിരുന്നു.

നേരത്തേയുള്ള പാർടിബന്ധത്തെ മറയാക്കി ആർഎസ്‌എസ്‌ നടത്തുന്ന കുപ്രചാരണം ഒരുവിഭാഗം മാധ്യമങ്ങളും അതേപടി ഏറ്റുപിടിച്ചു. എന്നാൽ, കൊലയ്‌ക്ക്‌ ആയുധം എത്തിച്ചത്‌ ആർഎസ്‌എസ്‌ നേതൃത്വമാണെന്ന്‌ പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. പ്രതികളുടെ ആർഎസ്‌എസ്‌ ബന്ധം തെളിയിക്കുന്ന ചിത്രം പുറത്തുവിടാൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ കഴിഞ്ഞദിവസം വെല്ലുവിളിച്ചിരുന്നു. എന്നാൽ സിദ്ധാർഥനടക്കമുള്ളവരുടെ ചിത്രം പുറത്തുവന്നതോടെ അടവുമാറ്റി. ഈ സാഹചര്യത്തിലാണ്‌ പ്രതിയെക്കൊണ്ട്‌ സിപിഐ എം ബന്ധമുണ്ടെന്ന്‌ പറയിപ്പിച്ചത്‌.

Advertisements

രക്ഷാബന്ധനിൽ പങ്കെടുക്കുകയും ഗണേശോത്സവം, ശ്രീകൃഷ്‌ണജയന്തി എന്നിവയുടെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം കൊടുക്കുകയും ചെയ്യുന്നവരല്ല സിപിഐ എമ്മുകാരെന്ന്‌ ഏവർക്കും ബോധ്യമുള്ളതാണ്‌. ഇക്കാര്യം കൊട്ടേക്കാട്ടെ നാട്ടുകാർക്കും നന്നായി അറിയാം. പ്രതികളിൽ ചിലർ സിപിഐ എമ്മുമായി ബന്ധമുള്ള കുടുംബാംഗങ്ങളാണ്‌. അത്‌ കൊലയ്‌ക്ക്‌ സാക്ഷിയായ സുരേഷ്‌തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

എന്നാൽ, ഇപ്പോൾ അവർക്ക്‌ സിപിഐ എമ്മുമായി ഒരു ബന്ധവുമില്ലെന്ന്‌ ആവർത്തിച്ച്‌ വ്യക്തമാക്കിയിട്ടും നുണകൾ ആവർത്തിച്ച്‌ സിപിഐ എമ്മിനെ പ്രതിക്കൂട്ടിൽ നിർത്താനാണ്‌ ആർഎസ്‌എസും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *