ശ്രീശാന്തിനെതിരെ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ക്രീസിലേക്ക് തിരിച്ചെത്തുന്നു. ശ്രീശാന്തിനെതിരെ ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി. ഒത്തുകളി ആരോപണത്തിലാണ് ബി.സി.സി.ഐ ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഹൈക്കോടതി വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും ദൈവത്തിന് നന്ദി പറയുന്നുവെന്നും ശ്രീശാന്ത് പ്രതികരിച്ചു. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ശ്രീശാന്ത് ബി.സി.സി.ഐക്കെതിരെ കോടതിയെ സമീപിച്ചത്.
ബി.സി.സി.ഐയുടെ വിലക്ക് നിലനില്‍ക്കില്ലെന്നും ശ്രീശാന്തിനെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ഒത്തുകളി കേസില്‍ ശ്രീശാന്തിനെ കോടതി വെറുതെ വിട്ടതാണെന്നും ക്രിക്കറ്റില്‍ നിന്ന് മാറ്റി നിര്‍ത്തിയത് ശരിയായ നടപടിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശ്രീശാന്തിനെതിരായ ബി.സി.സി.ഐയുടെ അന്വേഷണം നിലനില്‍ക്കുന്നതല്ല. ശ്രീശാന്തിനെ പോലൊരു കളിക്കാരനെ അധികകാലം മാറ്റി നിര്‍ത്താനാവില്ലെന്നും വിലക്കേര്‍പ്പെടുത്തിയത് സ്വാഭാവിക നീതിക്ക് എതിരാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

2013 ഐ.പി.എല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.

ഇന്ത്യക്കായി കളിക്കുന്ന രണ്ടാമത്തെ മലയാളിയായ ശ്രീശാന്ത് 27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും പത്ത് ടിട്വന്റിയില്‍ നിന്ന് ഏഴു വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യ വിജയിച്ച 2011ലെ ലോകകപ്പിലും 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി ട്വന്റി ലോകകപ്പിലും ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ടി ട്വന്റി ലോകകപ്പില്‍ പാകിസ്താനെതിരായ ഫൈനലില്‍ ശ്രീശാന്താണ് അവസാന ക്യാച്ചെടുത്തത്.

