ശ്രീധരൻ പിള്ളയെ BJP അധ്യക്ഷനായി നിയമിച്ചു. വി മുരളീധരനെ നാടുകടത്തി

തിരുവനന്തപുരം: പാര്‍ട്ടിയിലെ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചു. പിഎസ് ശ്രീധരന്‍പിള്ളയാണ് പുതിയ അധ്യക്ഷന്‍. അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. ശ്രീധരന്‍പിള്ളയ്ക്ക് ഇത് രണ്ടാംമൂഴമാണ്. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നിയമിതനായപ്പോഴാണ് കേരളത്തില്‍ ബിജെപിയുടെ അധ്യക്ഷ സ്ഥാനം ഒഴിവുവന്നത്. നീണ്ട തര്‍ക്കങ്ങളും ഇതിന്റെ പേരില്‍ നടന്നിരുന്നു. കെ സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന നിലപാടിലായിരുന്നു നേരത്തെ കേന്ദ്ര നേതൃത്വം. എന്നാല്‍ സുരേന്ദ്രനെ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു.
അതേസമയം സംസ്ഥാന ഘടകത്തില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്ന വി മുരളീധരനെ സംസ്ഥാനത്ത് നിന്ന് നാടുകടത്തിയിട്ടുണ്ട്. ആന്ധ്രപ്രദേശിന്റെ അധികചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. സംസ്ഥാന ഘടകത്തില്‍ വിഭാഗീയതയ്ക്ക് കാരണം മുരളീധര വിഭാഗമാണെന്ന ആരോപണം നേരത്തെയുണ്ട്. പ്രമുഖ നേതാക്കള്‍ കേന്ദ്രത്തിന് ഇത് സംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. നേരത്തെ 2003-06 കാലത്താണ് ശ്രീധരന്‍പിള്ള ഇതിന് മുമ്ബ് ബിജെപി സംസ്ഥാന അധ്യക്ഷ പദവി വഹിച്ചിരുന്നത്.

വി മുരളീധരന് പുറമേ പികെ കൃഷ്ണദാസ് പക്ഷവും സംസ്ഥാന അധ്യക്ഷന് വേണ്ടി സമ്മര്‍ദം ചെലുത്തിയിരുന്നു. ഇവരെല്ലാം വൃത്യസ്ത പേരുകളാണ് നിര്‍ദേശിച്ചത്. ഇതോടെയാണ് രണ്ട് ഗ്രൂപ്പുകളിലും ഉള്‍പ്പെടാത്ത ശ്രീധരന്‍പിള്ളയെ അധ്യക്ഷനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ഇപ്പോഴത്തെ നിയമനത്തില്‍ ആര്‍എസ്‌എസിന് നിര്‍ണായക പങ്കുണ്ട്. നേരത്തെ കുമ്മനത്തിന്റെ ഒഴിവില്‍ പകരം അധ്യക്ഷനെ കൊണ്ടുവരാത്തതില്‍ ആര്‍എസ്‌എസും അണികളും കടുത്ത അമര്‍ഷത്തിലായിരുന്നു. നേരത്തെ കെ സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍ വി മുരളീധര പക്ഷവും എംടി രമേശിന് വേണ്ടി കൃഷ്ദാസ് പക്ഷവും വാദിച്ചതോടെയാണ് ദേശീയ നേതൃത്വം ഇടപെട്ട് ഇക്കാര്യം പരിഹരിച്ചത്.

