KOYILANDY DIARY.COM

The Perfect News Portal

”ശ്രീധരന്‍പിള്ള നാടിന്റെ പൊതുശത്രു”- ദേശീയപാതാ വികസനം അട്ടിമറിക്കാന്‍ കേന്ദ്രത്തിന്‌ കത്തെഴുതിയ ബിജെപി അധ്യക്ഷനെതിരെ തോമസ്‌ ഐസക്ക്

തിരുവനന്തപുരം > ദേശീയപാതാ വികനത്തിനായുള്ള സംസ്ഥാനത്തെ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക്‌ കത്തെഴുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്‌ ശ്രീധരന്‍പിള്ളയ്‌ക്കും അദ്ദേഹത്തിന്റെ പാര്‍ടിക്കും കേരളം മാപ്പു നല്‍കില്ലെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്. രാഷ്ട്രീയ നിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്നത്തെ ചുരുക്കാനാവില്ല. ശ്രീധരന്‍പിള്ളയെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച്‌ സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

ഡോ. ടി എം തോമസ്‌ ഐസക്കിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം: 

ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവര്‍ണാവസരമാക്കുകയാണ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. കേരളത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച്‌ സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയ നിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്നത്തെ ചുരുക്കാനാവില്ല. ഈ നാടിന്റെ ഭാവിവികസനത്തെ പിന്‍വാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച്‌ പഞ്ചാരവര്‍ത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാന്‍ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണം.

Advertisements

ഈ സര്‍ക്കാരിന്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സര്‍ക്കാരിന്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനും. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവര്‍ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടി.

2020ല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ ചുമതലകള്‍ നിറവേറ്റുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. തൊണ്ടയാട‌്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ നാടിനു സമര്‍പ്പിച്ചു. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം കിഫ്ബി ഏറ്റെടുത്ത് അതിവേഗം പൂര്‍ത്തീകരിക്കുന്നു. കരമന-കളിയിക്കാവിള റോ‌ഡ‌ും കിഫ്ബിയില്‍ പെടുത്തി നാലുവരിപ്പാതയാക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നു.

വെല്ലുവിളികള്‍ക്കു മുന്നില്‍ അടിപതറി 2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉപേക്ഷിച്ചതാണ് കേരളത്തിന്റെ ദേശീയപാതാവികസനം. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രശ്നങ്ങള്‍ ഒന്നൊന്നായി പരിഹരിച്ചു. കണ്ണൂര്‍, കീഴാറ്റൂര്‍, മലപ്പുറം ഉള്‍പ്പെടെ പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫ‌് നേതാക്കളും കുത്തിത്തിരിപ്പിനും കലാപത്തിന‌ും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ‌് രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ കേന്ദ്രം പദ്ധതി അട്ടിമറിച്ചത‌്.

നവകേരളത്തിന്റെ നട്ടെല്ലാണ് നാലുവരിയിലെ ദേശീയപാത. വികസനലക്ഷ്യങ്ങള്‍ അതിവേഗം കരഗതമാക്കാന്‍ ആദ്യം പിന്നിടേണ്ട നാഴികക്കല്ലാണ് ദേശീയപാതാവികസനം. ഭാവിതലമുറയുടെ വികസനപ്രയാണങ്ങള്‍ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരന്‍ പിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ടിയ്ക്കും കേരളം മാപ്പു നല്‍കില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *