ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ മുഴുവന്‍ ഹര്‍ജികളിലും തീരുമാനമെടുക്കേണ്ടത് അഞ്ചംഗ ഭരണഘടന ബെഞ്ചെന്ന് സുപ്രിംകോടതി

ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ മുഴുവന്‍ ഹര്‍ജികളിലും തീരുമാനമെടുക്കേണ്ടത് അഞ്ചംഗ ഭരണഘടന ബെഞ്ചാണെന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിസ്. ശബരിമലയില്‍ ഭക്തര്‍ക്കുള്ള അടിസ്ഥാന സൗകര്യക്കുറവുകള്‍ പരിഗണിച്ച് ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി വീണ്ടും തള്ളി. അതേസമയം വിധി നടപ്പാക്കാന്‍ സാവകാശം തേടിക്കൊണ്ടുള്ള ദേവസ്വം ബോര്‍ഡ് അപേക്ഷ ഇന്ന് നല്‍കുമോ എന്നതില്‍ അവ്യക്തത തുടരുകയാണ്. വക്കാലത്ത് ഉള്‍പെടെ കേരളത്തില്‍ നിന്നും അയച്ച രേഖകള്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന് ഇതുവരെ ലഭിച്ചിട്ടില്ല.
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22 നു മുന്‍പ് പരിഗണിക്കണമെന്ന് അഭിഭാഷകനായ മാത്യു നെടുമ്ബാറ ആവശ്യപ്പെട്ടപ്പോള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ മറുപടി ഇങ്ങനെ. ഹര്‍ജികള്‍ ജനുവരി 22 നു പരിഗണിക്കും എന്നു വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ മുഴുവന്‍ ഹര്‍ജികളിലും തീരുമാനം എടുക്കേണ്ടത് ആഞ്ചംഗ ഭരണഘടന ബെഞ്ചാണ്. ജനുവരി 22 ന് എല്ലാവരെയും കേള്‍ക്കും. ശബരിമലയില്‍ എത്തുന്ന ആയിരക്കണക്കിന് ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി ആയിരുന്നു ഹര്‍ജികള്‍ അടിയന്തരമായി പരിഗണയ്ക്കണമെന്ന അഭിഭാഷകന്റെ വാക്കാലുള്ള ആവശ്യം.

അതേസമയം വിധി നടപ്പാക്കാന്‍ സാവകാശം തേടിക്കൊണ്ടുള്ള ദേവസ്വം ബോര്‍ഡ് അപേക്ഷ ഇന്ന് നല്‍കുമോ എന്നതില്‍ അവ്യക്തത തുടരുകയാണ്. വക്കാലത്ത് ഉള്‍പ്പെടെ കേരളത്തില്‍ നിന്നും അയച്ച രേഖകള്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന് ഇതുവരെ ലഭിക്കാത്തതാണ് കാരണം. പ്രളയവും പ്രക്ഷോഭങ്ങളും കാരണം ശബരിമലയില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അപേക്ഷയിലെ പ്രധാന വാദം. മാസ പൂജയക്ക് നട തുറന്നപ്പോള്‍ ഉണ്ടായ സംഭവങ്ങളെപ്പറ്റിയുള്ള ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടും പരാമര്‍ശിക്കും. വിധി നടപ്പാക്കാന്‍ അടുത്ത മണ്ഡലകാലം വരെ സാവകാശം നല്‍കണമെന്നാണ് ആവശ്യം. അപേക്ഷ പ്രാഥമിക പരിഗണനയില്‍ തന്നെ തള്ളുക, വാദത്തിനായി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുന്‍പാകെ ലിസ്റ്റ് ചെയ്യുക, ജനുവരി 22 ന് പുനഃപരിശോധന ഹര്‍ജികള്‍ക്ക് ഒപ്പം പരിഗണിക്കാന്‍ മാറ്റി വയ്ക്കുക എന്നിവയാണ് സാധ്യതകള്‍.

