ശബരിമലയില്‍ പുല്ലുമേടിനു സമീപം കഴുതക്കുഴിയില്‍ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: പുല്ലുമേടിനു സമീപം കഴുതക്കുഴിയില്‍ 160 അടി താഴ്ചയില്‍ നിന്ന് കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ മുന്‍ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. ബംഗളൂരു കോകിലപുരം ശിവനഞ്ച ആചാരിയുടെ (68) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പുല്ലുമേട്ടിലേക്ക് കാനനപാത പരിശാധിക്കാന്‍ ഫയര്‍മാന്‍ പി പി പ്രശാന്തിന്റെ നേതൃത്വത്തില്‍ പോയ സന്നിധാനത്തെ ഫയര്‍ഫോഴ്സ് സംഘമാണ് മൃതദേഹം കണ്ടത്.
സന്നിധാനത്തു നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ എ ടി ഹരിദാസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ഫയര്‍ഫോഴ്സ് സേനാംഗങ്ങളെത്തി മൃതദേഹം കയര്‍ ഉപയോഗിച്ച് പുറത്തെടുത്തു. സന്നിധാനത്തു നിന്നെത്തിയ പോലീസ് മൃതദേഹം കുമിളി പോലീസിന് കൈമാറി. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പുല്ലുമേട്ടിലേക്ക് പോയ ഒന്‍പതംഗ ഫയര്‍ഫോഴ്സ് സംഘം മണ്ണിടിഞ്ഞു കിടക്കുന്നത് കണ്ടാണ് താഴ്ചയില്‍ പരിശോധിച്ചത്. വഴിയില്‍ ഒരു തോര്‍ത്തും വീണു കിടന്നിരുന്നു. മൃതദേഹത്തിന് സമീപം ഇരുമുടിക്കെട്ടും ഒരു ബാഗുമുണ്ടായിരുന്നു. ഇതില്‍ നിന്ന് പേഴ്സ്, ഡയറി, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ലഭിച്ചു. പേഴ്സില്‍ 2800 രൂപയുണ്ടായിരുന്നു.

