KOYILANDY DIARY.COM

The Perfect News Portal

ശബരിമലയില്‍ അമൃതാനന്ദമയീ മഠത്തിലെ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരണം

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ അമൃതാനന്ദമയീ മഠത്തിലെ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ശുചീകരണം 11നും 12നും നടക്കും. അമൃതാനന്ദമയീ മഠം 1000 സന്നദ്ധ പ്രവര്‍ത്തകരെ ശുചീകരണത്തിന് എത്തിക്കും. അമൃതാനന്ദമയീമഠം എത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരില്‍ 600 പേര്‍ സന്നിധാനത്തും 400 പേര്‍ പമ്പയിലും ശുചീകരണം നടത്തും.

സന്നിധാനത്തെ ഒമ്പത് മേഖലകളായും പമ്പയെ ഏഴ് മേഖലകളായും തിരിച്ചാണ് ശുചീകരണം നടത്തുക. സത്യസായി സേവാ സമാജം 50 പേരെ ശുചീകരണത്തിന് എത്തിക്കും. മാളികപ്പുറത്തെ ശുചീകരണം സത്യസായി സേവാ സംഘടനയുടെ പ്രവര്‍ത്തകര്‍ നിര്‍വഹിക്കും. സന്നിധാനത്തെയും പമ്പയിലെയും മറ്റെല്ലാ സ്ഥലങ്ങളിലെയും ശുചികരണം അമൃതാനന്ദമയീ മഠത്തില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ഏറ്റെടുക്കും.

സന്നിധാനത്തും പമ്പയിലും വിവിധ മേഖലകളായി തിരിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നീക്കം ചെയ്യേണ്ട മാലിന്യങ്ങളുടെ അളവ് കണക്കാക്കിയാണ് സന്നദ്ധ പ്രവര്‍ത്തകരെ വിന്യസിക്കുക. മാലിന്യങ്ങള്‍ പുനരുപയോഗിക്കാവുന്നവ, കത്തിച്ച്‌ നശിപ്പിക്കാവുന്നവ, ജൈവ വിഘടനത്തിന് വിധേയമാകുന്നവ എന്ന രീതിയില്‍ തരംതിരിച്ചായിരിക്കും ശേഖരിക്കുന്നത്. സന്നിധാനത്ത് നിന്ന് ലഭിക്കുന്ന ഭാരം കുറഞ്ഞ പുനരുപയോഗിക്കാന്‍ കഴിയുന്ന മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കാരിബാഗുകളില്‍ ശേഖരിച്ച്‌ നടപ്പന്തലില്‍ എത്തിച്ച്‌ അവിടെ നിന്നും പമ്ബയിലെ റിസൈക്കിളിംഗ് സെന്ററില്‍ എത്തിക്കും.

Advertisements

ഭാരം കൂടിയ മാലിന്യങ്ങള്‍ ശേഖരിച്ച്‌ ഇന്‍സിനേറ്ററിന് സമീപത്ത് നിക്ഷേപിക്കും. ഇവിടെ  നിന്നും ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇത് ഉചിതമായ സ്ഥലങ്ങളിലേക്ക് മാറ്റും. സന്നിധാനത്ത് നിന്ന് പമ്ബയിലേക്ക് മാലിന്യങ്ങള്‍ എത്തിക്കുന്നതിനുള്ള ട്രാക്ടറുകള്‍ ദേവസ്വംബോര്‍ഡ് നല്‍കും.

സന്നിധാനത്തെ കത്തിച്ച്‌ കളയാന്‍ കഴിയുന്ന എല്ലാ മാലിന്യങ്ങളും ഇന്‍സിനേറ്ററില്‍ എത്തിച്ച്‌ കത്തിച്ചുകളയും. ജൈവ വിഘടനത്തിന് വിധേയമാകുന്നവ തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത സ്ഥലങ്ങളില്‍ നിക്ഷേപിക്കും. അമൃതാനന്ദമയീമഠത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ കൊതുക് നിവാരണത്തിനായി സന്നിധാനത്ത് ഫോഗിംഗ് മെഷീന്‍ ഉപയോഗിച്ച്‌ ഫോഗിംഗ് നടത്തും.

വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളില്‍ കൂത്താടികളെ ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്യും. സന്നിധാനത്ത് എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് താമസസൗകര്യവും ഭക്ഷണവും പമ്ബയിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തും.

ആദ്യഘട്ട ശുചീകരണ ജോലികള്‍ വിവിധ സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കുന്നതോടെ തീര്‍ഥാടനകാലത്തിന്റെ തുടക്കം മുതല്‍ പമ്ബയും സന്നിധാനവും ശുചിയായി കാത്തുസൂക്ഷിക്കുന്നതിന് കഴിയും.

Share news

Leave a Reply

Your email address will not be published. Required fields are marked *