വന്യമൃഗങ്ങളുടെ അതിക്രമം ഇല്ലാതാക്കാന്‍ ഫോറസ്റ്റ് സ്റ്റേഷന് അനുവദിക്കണം: ഇ.കെ. വിജയന് എംഎല്‍എ

നാദാപുരം: മണ്ഡലത്തിലെ മലയോര മേഖലയില്‍ അടിക്കടിയുണ്ടാവുന്ന കാട്ടാനയുടെയും വന്യമൃഗങ്ങളുടെയും അതിക്രമം ഇല്ലാതാക്കാന്‍ ഫോറസ്റ്റ് സ്റ്റേഷന് അനുവദിക്കണമെന്ന് ഇ.കെ. വിജയന് എംഎല്‍എ യുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് യോഗം ഡിഎഫ്ഒ യെ ചുമതലപ്പെടുത്തി.
വിലങ്ങാട്, മുറ്റത്തെ പ്ലാവ് എന്നിവിടങ്ങളില്‍ ഫോറസ്റ്റ് സ്റ്റേഷനുകളുടെ നിര്‍മാണം വര്‍ഷങ്ങള്‍ക്ക് മുമ്ബ് പൂര്‍ത്തിയായിരുന്നു. ലോക്കപ്പ് ഉള്‍പ്പെടെ ഇവിടെ സജ്ജീകരിച്ചിരുന്നു. എന്നാല്‍ ജീവനക്കാരുടെ എണ്ണക്കുറവും സാമ്ബത്തിക പ്രതിസന്ധിയും കാരണം തസ്തികകള്‍ സൃഷ്ടിച്ചിരുന്നില്ല. രണ്ടിടങ്ങളിലുമായി ഡെപ്യൂട്ടി റേഞ്ചര്‍മാര്‍ ഉള്‍പ്പെടെ 32 പോസ്റ്റുകളാണ് ആവശ്യം.

മലയോര മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനമേഖലയുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നെങ്കിലും നീണ്ട് പോവുകയായിരുന്നു.

കുറ്റ്യാടി റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരെ ഇവിടങ്ങളിലേക്ക് മാറ്റി നിയമിച്ച് പ്രവര്‍ത്തനം ആരംഭിക്കാനാണ് നീക്കം. വളയം, വാണിമേല്‍, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകളില്‍ നിരന്തരമുണ്ടാവുന്ന കാട്ടാന ശല്യം നേരിടാന്‍ വനമേഖലയോട് ചേര്‍ന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഫെന്‍സിംഗ് ലൈനുകള്‍ നിര്‍മിക്കും. ആയോട്, പന്നിയേരി, മാടാഞ്ചേരി, കണ്ടിവാതുക്കല്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം വാച്ചര്‍മാരെ ഉടന്‍ നിയമിക്കും. വനം വകുപ്പിന്റെയും റവന്യൂ അധികൃതരുടെയും നേതൃത്വത്തില്‍ വന്യമൃഗശല്യം നേരിടാന്‍ സമഗ്ര പദ്ധതി തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കും.

നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വനത്തോട് ചേര്‍ന്ന ചെളി നിറഞ്ഞ ചെമ്ബോത്തുംപൊയില് കുളം ശുചീകരിച്ച് മൃഗങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കും.വനപ്രദേശത്ത് രാത്രി കാലങ്ങളില്‍ പരിശോധന ശക്തമാക്കാനും വനത്തോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ ഭൂമിയിലെ കാടുകള്‍ വെട്ടിത്തെളിയ്കാന് പഞ്ചായത്തുകള്‍ മുഖേന സ്ഥല ഉടമകള്‍ക്ക് നോട്ടീസ് നല്‍കും.
പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.സി.ജയന്, എ.കെ.നാരായണി, എം.സുമതി, വൈസ് പ്രസിഡന്റ് കെ.വി.നസീറ, ഡിഎഫ്ഒ കെ.കെ.സുനില്‍കുമാര്‍, റേഞ്ച് ഓഫീസര്‍ കെ.നീതു,ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.ചന്തു , പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഷറഫ് കൊറ്റല, എന്‍.കെ.മജീദ്, പഞ്ചായത്ത് അംഗങ്ങളായ പി .കെ.ശങ്കരന് ,എന്‍.പി.വാസു .വി.കെ.രവി, രാജു അലക്സ്, കെ.പി രാജീവന്, കര്‍ഷക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
