വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി എജിക്ക് രേണു രാജിന്റെ റിപ്പോര്‍ട്ട്; അനധികൃത നിര്‍മാണം എംഎല്‍എയുടെ സാന്നിധ്യത്തില്‍

തിരുവനന്തപുരം: എസ്.രാജേന്ദ്രന് എംഎല്‍എയ്ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ രേണു രാജ് അഡ്വക്കേറ്റ് ജനറലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പഞ്ചായത്ത് പുഴയോരത്തു നടത്തുന്ന അനധികൃത നിര്‍മാണം സംബന്ധിച്ചാണ് എജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അനധികൃത നിര്‍മാണം നടന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലാണെന്നും പഞ്ചായത്തിന്റെ നിര്‍മാണം കോടതി വിധിയുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം നിര്‍ത്തി വച്ചില്ല,
ഒപ്പം ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. അതിനാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം എംഎല്‍എയുടെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ല. പ്രളയത്തില്‍ വെള്ളം കയറിയ ഭാഗങ്ങളില്‍ നടത്തുന്ന നിര്‍മാണം അനധികൃതമാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ സബ് കളക്ടര്‍ നോട്ടീസ് നല്‍കിയത്. കെഡിഎച്ച് വില്ലേജ് ഓഫീസര്‍ അയൂബ് ഖാന് പഞ്ചായത്തില്‍ നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്.

ഇത് അവഗണിച്ചു പഞ്ചായത്ത് സെക്രട്ടറി നിര്‍മാണം തുടരുകയായിരുന്നു. നോട്ടീസ് നല്‍കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ എസ്. രാജേന്ദ്രന് എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രതിനിധികളടക്കം തടയുകയും നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനെ അപമാനിക്കുകയും ചെയ്തു. സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ പൊതുജനമധ്യത്തില്‍ അവളെന്ന് ആക്ഷേപിച്ച എംഎല്‍എയുടെ പ്രസ്താവനയ്ക്കെതിരേ ജില്ലാ കളക്ടര്‍, റവന്യു ചീഫ് സെക്രട്ടറി എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.

അവരുടെ നിര്‍ദേശമനുസരിച്ചു തുടര്‍നടപടി സ്വീകരിക്കും. ഇതിനിടെ, എംഎല്‍എ സ്പീക്കര്‍ക്കു പരാതി നല്‍കിയതായി പറയുന്നുണ്ടെന്നും സത്യാവസ്ഥ ചീഫ് സെക്രട്ടറി മുഖേന സ്പീക്കറെ അറിയിക്കുമെന്നും രേണു രാജ് അറിയിച്ചു.

