വ്യാജരേഖ: പരോക്ഷമായി സമ്മതിച്ച‌് പി കെ ഫിറോസ‌്

കോഴിക്കോട‌്: ജെയിംസ‌് മാത്യു എംഎല്‍എ തദ്ദേശ മന്ത്രിക്കയച്ച കത്തിലെ ഒരുപേജ‌് വ്യാജമായി നിര്‍മിച്ചതാണെന്ന‌് പരോക്ഷമായി സമ്മതിച്ച‌് മുസ്ലിം യൂത്ത‌് ലീഗ‌് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ‌്. വിജിലന്‍സിന‌് നല്‍കിയ പരാതിയില്‍ ജെയിംസ‌് മാത്യു പുറത്തുവിട്ട കത്താണ‌് ഹാജരാക്കിയത‌്. അതിനാല്‍ താന്‍ ‘സേഫ‌് സോണി’ലാണെന്നും ഫിറോസ‌് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജെയിംസ‌് മാത്യുവിന്റെ കത്തിലുള്ള വിഷയവും താന്‍ ഉന്നയിച്ചതും ഒരു കാര്യമാണ‌്. ജെയിംസ‌് മാത്യു പുറത്തുവിട്ട കത്ത‌് മുഖവിലക്കെടുത്താല്‍ തെളിയുന്നത‌് ഇതാണെന്നും യഥാര്‍ഥ സ്ഥിതി അറിയാന്‍ അന്വേഷണം നടക്കട്ടെയെന്നും ഫിറോസ‌് പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജീവനക്കാരുടെ പ്രശ‌്നങ്ങളുന്നയിച്ച‌് അയച്ച കത്തിലെ മൂന്നാമത്തെ പേജാണ‌് ഫിറോസ‌് വ്യാജമായി നിര്‍മിച്ചത‌്. കത്തിലുള്ള ടെക‌്നിക്കല്‍ ആര്‍ക്കിടെക‌്ചറല്‍ തസ‌്തികയില്‍ എന്നതിനുപകരം ഡെപ്യൂട്ടി ഡയറക്ടര്‍ തസ‌്തികയില്‍ എന്നാണ‌് വ്യാജമായി ചേര്‍ത്തതെന്ന‌് ജെയിംസ‌് മാത്യു തെളിവുസഹിതം വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം നാലുദിവസം കഴിഞ്ഞാണ‌് പരോക്ഷ കുറ്റസമ്മതം.

കിര്‍ത്താഡ‌്സില്‍ യോഗ്യതയില്ലാത്ത നാലുപേരെ പട്ടികജാതി– വര്‍ഗ വികസന വകുപ്പ‌് 2010ല്‍ സ്ഥിരപ്പെടുത്തിയതായി ഫിറോസ‌് ആരോപിച്ചു.

