വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മരിച്ച തൊഴിലാളിയെ കോണ്‍ഗ്രസ് നേതാവും സംഘവും പൊട്ടക്കിണറ്റില്‍ കുഴിച്ചുമൂടി

തൃശൂര്‍: പഴയന്നൂരില്‍ കാട്ടുമൃഗങ്ങളെ കുരുക്കാന്‍ കെട്ടിയ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മരം വെട്ട് തൊഴിലാളി മരിച്ചു. കെണിവച്ച കോണ്‍ഗ്രസ് നേതാവും സംഘവും ചേര്‍ന്ന് മരിച്ചയാളെ രഹസ്യമായി പൊട്ടക്കിണറ്റില്‍ കുഴിച്ചുമൂടി.
പഴയന്നൂര്‍ വെള്ളപ്പാറ ഒറവിങ്കല്‍ രാമന്‍കുട്ടിയുടെ മകന്‍ വേശനാ(62)ണ് വൈദ്യുതി ലൈനില്‍ തട്ടി മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കുമ്പളക്കോട് ഇരട്ടക്കുളമ്പില്‍ ഉണ്ണികൃഷ്ണന്‍ (57), മകന്‍ അരുണ്‍ (27), അയല്‍വാസി അറയ്ക്കല്‍ ഏലിയാസ് (53) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മാന്‍, മുയല്‍, പന്നി, മുള്ളന്‍പന്നി തുടങ്ങിയ വന്യമൃഗങ്ങളെ കുരുക്കാനാണ് മൂന്നംഗ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ വൈദ്യുതിപോസ്റ്റില്‍നിന്ന് ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതി ഭൂമിയില്‍നിന്ന് ഒരടി ഉയരത്തിലുള്ള ലൈനിലൂടെ കടത്തിവിട്ട് കെണിയൊരുക്കിയത്. ഇതിനിടെയാണ് പൊള്ളലേറ്റു കിടക്കുന്ന അനുജന്‍ ഒ. ആര്‍ ഉണ്ണികൃഷ്ണനെ കാണാന്‍ രാത്രിയില്‍ വേശന്‍ ഈ വഴി നടന്നുപോയത്. കാട്ടുവഴിയിലൂടെ പോയാല്‍ വേഗത്തിലെത്താമെന്നതിനാലാണ് അതുവഴി നടന്നത്. വൈദ്യുതിക്കമ്പിയില്‍ തട്ടിയ ഉടന്‍ ഷോക്കേറ്റ് മരിക്കുകയായിരുന്നു.

കെണിയില്‍കുടുങ്ങിയ മൃഗത്തെ നോക്കി വെള്ളിയാഴ്ച പുലര്‍ച്ചെ വേട്ടസംഘം എത്തിയപ്പോഴാണ് വേശന്‍ മരിച്ചുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മൂന്നംഗസംഘം മൃതദേഹം വലിച്ചിഴച്ച് സമീപത്തെ പൊട്ടക്കിണറിനടുത്ത് എത്തിച്ചു. കിണറ്റില്‍ നാലടിയോളം താഴ്ചയില്‍ കുഴിയെടുത്ത് മൃതഹേം അതിലേക്ക് തള്ളിയിടുകയായിരുന്നു. ടാര്‍പായയിട്ട് മൂടിയശേഷം മുകളില്‍ മണ്ണിട്ടു. പട്ടയും മറ്റുമിട്ട് മൂടിയശേഷം വീണ്ടും മണ്ണും, അതിനുമുകളില്‍ ചവറും വിതറിയാണ് മൃഗവേട്ടസംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.

വേശനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസിന്റെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെ, ഞായറാഴ്ച പകലാണ് പ്രദേശത്ത് സംശയാസ്പദമായനിലയില്‍ മാനിനെ ചത്തനിലയില്‍ കണ്ടത്. തുടര്‍ന്ന് പ്രദേശത്ത് പൊലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പൊട്ടക്കിണറ്റില്‍ മണ്ണ് ഇളകിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസ് അന്വേഷണത്തെത്തുടര്‍ന്നാണ് വൈദ്യുതിക്കെണിയൊരുക്കിയതും തൊഴിലാളിയെ കുഴിച്ചുമൂടിയതും കോണ്‍ഗ്രസ്നേതാവ് ഉണ്ണികൃഷ്ണനും സംഘവുമാണെന്ന് തിരിച്ചറിഞ്ഞത്. ഉണ്ണികൃഷ്ണന്റെ മകന്‍ അരുണ്‍ സ്ഥിരമായി പ്രദേശത്ത് മൃഗവേട്ട നടത്താറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അരുണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. മറ്റു രണ്ടുപേരെയും ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈഎസ്പി വിശ്വംഭരന്‍ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം, ബന്ധുക്കള്‍ക്ക് കൈമാറി. തിങ്കളാഴ്ച രാത്രിയോടെ ഐവര്‍മഠത്തില്‍ സംസ്കരിച്ചു. മരംവെട്ട് തൊഴിലാളി യൂണിയന്‍(സിഐടിയു) അംഗമാണ് വേശന്‍. ഭാര്യ: പൊന്നമ്മ. മക്കള്‍: പ്രജീഷ്(സിപിഐ എം വെള്ളപ്പാറ ബ്രാഞ്ചംഗം), സനേഷ്, വിനീഷ. മരുമകന്‍: സുരേഷ്.
