KOYILANDY DIARY

The Perfect News Portal

വേനലിലും കൂളായി നില്‍ക്കുന്ന 7 സ്ഥലങ്ങള്‍

യാത്ര പോകുന്ന ഓരോ ആളുകള്‍ക്കും ഈ വേനല്‍ക്കാലത്ത് പറയാനുള്ള പ്രധാന വിഷയം ചൂടാണ്. വേനല്‍ക്കാലത്ത് പോലും തണുപ്പ് അനുഭവപ്പെടാറുള്ള ബാംഗ്ലൂര്‍ പോലും ചുട്ടുപൊള്ളിത്തുടങ്ങിയ കാലത്ത് തണുപ്പ് തേടി എവിടെ പോകണമെന്ന് ആളുകള്‍ തിരയുകയാണ്.

ഇന്ത്യ ചൂട് പിടിച്ച് നില്‍ക്കുന്ന ഈ വേനല്‍ക്കാലത്തും കൂളായി നില്‍ക്കുന്ന വടക്കേ ഇന്ത്യയിലെ ഏഴ് സ്ഥലങ്ങള്‍ പരിചയപ്പെടാം.

01. ദ്രാസ്, ജമ്മു കശ്മീര്‍

ഗേറ്റ് വേ ഓഫ് ലഡാക്ക് എന്നും അറിയപ്പെടുന്ന ദ്രാസ് ജമ്മു കാശ്മീരിലെ കാര്‍ഗില്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സൈബീരിയ കഴിഞ്ഞാല്‍ ഏറ്റവും തണുപ്പുള്ള സ്ഥലമായി കണക്കാക്കപ്പെടുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്ന് 3280 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്ത് വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന ശരാശരി ചൂട് 15 ഡിഗ്രി സെന്റിഗ്രേഡാണ്.

ദ്രാസിലെ കാഴ്ചകള്‍

ദ്രാസ് സന്ദര്‍ശിക്കുന്നവര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച സൈനികരുടെ ഓര്‍മ്മ നല്കുന്ന ദ്രാസ് യുദ്ധസ്മാരകം സന്ദര്‍ശിക്കാന്‍ മറക്കരുത്. റിപ്പോര്‍ട്ടുകളനുസരിച്ച് ഇരുഭാഗത്തും നിന്നായി 1200 ഓളം സൈനികര്‍ ഇവിടെ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുദ്ധസ്മാരകത്തിനടുത്തായി യുദ്ധത്തിന്‍റെ ഓര്‍മ്മകളുണര്‍ത്തുന്ന ഒരു മ്യൂസിയം ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ഇതിനടുത്തായി തന്നെയുള്ള ദ്രൗപദി കുണ്ഡ് സന്ദര്‍ശകര്‍ കണ്ടിരിക്കേണ്ടുന്ന ഒരു സ്ഥലമാണ്.

ദ്രാസില്‍ എത്തിച്ചേരാ‌ന്‍

ദ്രാസിലേക്ക് റോഡ് മാര്‍ഗത്തില്‍ സുഗമാമായി എത്തിച്ചേരാം. ഇവിടേക്ക് ബസ്, ടാക്സി സൗകര്യം ലഭിക്കും. എന്നാല്‍ ദ്രാസിലേക്ക് നേരിട്ട് ബസ് സര്‍വ്വീസില്ല. ശ്രീനഗറില്‍ നിന്ന് ഇവിടേക്ക് ബസ് സര്‍വ്വീസുണ്ട്. ശ്രീനഗറിലേക്ക് ന്യൂഡല്‍ഹി, ലുധിയാന, ചണ്ഡിഗഡ്, അംബാല, ജലന്ധര്‍, ഷിംല എന്നിവിടങ്ങളില്‍ നിന്ന് ബസ് ലഭിക്കും.

02. ലേ, ജമ്മു കശ്മീര്‍

കാരക്കോറം ഹിമാലയന്‍ മേഖലകളുടെ മധ്യത്തിലായി ഇന്‍ഡസ് നദീതീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ലേ. ഇവിടത്തെ സുന്ദരമായ കാലാവസ്ഥ വിദൂരപ്രദേശത്ത് നിന്ന് പോലുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മുപ്പത് ഡിഗ്രി സെല്‍ഷ്യസ് ആണ് വേനല്‍ക്കാലത്തെ ഇവിടുത്തെ ശരാശരി താപനില.

ലേയിലെ കാഴ്ചകള്‍

മ‌ഞ്ഞു മൂടിയ ഹിമാലയന്‍ മല നിരകളാണ് പ്രദേശത്തിന്‍റെ സൗന്ദര്യം. സാഹസികപ്രേമിക‌ള്‍ക്ക് ഹിമാലയന്‍ മലനിരകളിലൂടെയുള്ള ട്രെക്കിങ് നല്‍കുന്നത് അവാച്യമായ അനുഭൂതിക്കൊപ്പം പ്രകൃതി സൗന്ദര്യം നുകരാനുള്ള അവസരം കൂടിയാണ്.മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച് പുരാതനവും ചരിത്രപ്രാധാന്യമുള്ളതുമായ ജാമാ മസ്ജിദ് ലഡാക്കി രാജാക്കന്‍മാരുടെ വേനല്‍ വസതി എന്നറിയപ്പെടുന്ന, ഭീമന്‍ ബുദ്ധപ്രതിമയുള്ള ഷേ കൊട്ടാരം എന്നിവയാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണങ്ങള്‍.

എത്തിച്ചേരാന്‍

ജെകെഎസ്ആര്‍ടിസി നിരവധി സര്‍വീസുകള്‍ നടത്തുന്നുണ്ട്. 734 കിലോമീറ്റര്‍ അകലെയുള്ള ശ്രീനഗറില്‍ നിന്നു വരെ ലേഹിലേക്ക് ബസ് സൗകര്യം ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ഒരുക്കിയിരിക്കുന്നു. കൂടാതെ ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും ആവശ്യത്തിന് സൗകര്യങ്ങളൊരുക്കുന്നുണ്ട്.

03. ശ്രീനഗര്‍, ജമ്മു കശ്മീര്‍

ജമ്മുകശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ വേനല്‍ക്കാലത്ത് അനുഭവപ്പെടാറു‌ള്ള ശരാശരി താപനില 27 ഡിഗ്രി സെല്‍ഷ്യസ് ആണ്. വര്‍ഷം മുഴുവന്‍ തെളിഞ്ഞ കാലവസ്ഥയാണിവിടെ വേനല്‍ക്കാലവും ശൈത്യകാലവുമാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം.

ശ്രീനഗറിലെ കാഴ്ചകള്‍

ദാല്‍ തടാകം, നാഗിന്‍ തടാകം, അന്‍ഞ്ചാര്‍ തടാകം, മാനസ്ബാല്‍ തടാകം തുടങ്ങിയവയാണ്‌ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ശ്രീനഗറിലെ പ്രധാന തടാകങ്ങള്‍. ശ്രീനഗറിലെ ഹൗസ്‌ ബോട്ടുകളും വളരെ പ്രശസ്‌തമാണ്‌. പ്രകൃതി സൗന്ദര്യം ആസ്വദിച്ചു കൊണ്ട്‌ ഷികാര എന്നറയപ്പെടുന്ന തടിവഞ്ചിയില്‍ തടാകത്തിലുള്ള യാത്രയും വിനോദ സഞ്ചാരകളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്‌.

എത്തിച്ചേരാന്‍

ഛണ്ഡിഗഢ്‌, ജമ്മു, ഫല്‍ഗാന്‍, ഡല്‍ഹി, ലെ തുടങ്ങി സമീപ നഗരങ്ങളില്‍ നിന്നെല്ലാം ശ്രീനഗറിലേയ്‌ക്ക്‌ ബസ്‌ സര്‍വീസ്‌ ഉണ്ട്‌. ജമ്മുവില്‍ നിന്നും ജെ& കെ എസ്‌ആര്‍ടിസി ബസുകള്‍ കിട്ടും.

04. കീലോംഗ്, ഹിമാചല്‍പ്രദേശ്

‘മൊണാസ്ട്രികളുടെ നാട്’ എന്ന് അപരനാമമുള്ള ഹിമാചല്‍പ്രദേശിലെ സുന്ദരഭൂമിയാണ് കീലോംഗ്. സമുദ്ര നിരപ്പില്‍ നിന്ന് 3350 ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഹിമാലയ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. 22 ഡിഗ്രി സെല്‍ഷ്യസാണ് വേനല്‍ക്കാലത്ത് ഇ‌വിടെ അനുഭവപ്പെടാറുള്ള ശരാശരി താപനില.

പ്രധാന കാഴ്ചകള്‍

കര്‍ദാങ്ങ്, ഷാസൂര്‍ എന്നീ രണ്ട് മൊണാസ്ട്രികളാണ് ഇവിടത്തെ രണ്ട് പ്രധാന ബുദ്ധ വിഹാരങ്ങള്‍. പ്രദേശത്തെ മറ്റു പ്രമുഖ ബുദ്ധവിഹാരങ്ങളാണ് ഗുരു ഗണ്ടാള്‍, തയൂള്‍, ജെമൂര്‍ എന്നിവ. ഹിമാലയത്തിലെ മറ്റുവിനോദസഞ്ചാരകേന്ദ്രങ്ങളെ പോലെ ഇവിടവും സാഹസിക വിനോദസഞ്ചാരകേന്ദ്രങ്ങളുടെ കേന്ദ്രമാണ്. ട്രക്കിംഗ്,ഫിഷിംഗ്,ജീപ്പ് സഫാരി, പാരാഗൈ്ളഡിംഗ് തുടങ്ങിയ ആസ്വദിക്കാനും ആളുകള്‍ ധാരാളമായി എത്താറുണ്ട്.

എത്തിച്ചേരാന്‍

റോഡ് മാര്‍ഗം എത്തുന്നവര്‍ മണാലിയില്‍ എത്തിയാല്‍ കീലോംഗിലേക്ക് ബസുകള്‍ ലഭിക്കും. ഹിമാചല്‍ പ്രദേശ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റേയും സ്വകാര്യബസുകളും ഈ റൂട്ടില്‍ ധാരാളമുണ്ട്. മണാലിയില്‍ നിന്ന് കീലോംഗിലേക്ക് 115 കിലോമീറ്ററാണ് ദൂരം.

05. ഗാംങ്ടോക്, സിക്കിം

കിഴക്കന്‍ ഹിമാലയ നിരയില്‍ ശിവാലിക് പര്‍വതത്തിന് മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 1676 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗാംഗ്ടോക് സിക്കീമിലെ ഏറ്റവും വലിയ പട്ടണമാണ്. 22 ഡിഗ്രി സെല്‍ഷ്യസ് ആണ് വേനല്‍ക്കാലത്ത് ഇവിടെ അനുഭവപ്പെടാറുള്ള ശരാശരി താപനില.

പ്രധാന കാഴ്ചകള്‍

ചരിത്രപ്രാധാന്യമുള്ളതും വിനോദസഞ്ചാര പ്രാധാന്യമുള്ളതും മതപരമായ പ്രാധാന്യമുള്ളതുമായ നിരവധി കാഴ്ചകളാണ് ഇവിടെയുള്ളത്. എന്‍ചെ മൊണാസ്ട്രി, നാഥുലാ പാസ്, നാംഗ്യാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിബറ്റോളജി, ദോ ദ്രുല്‍ ചോര്‍ട്ടെന്‍, ഗണേഷ് തോക്, ഹനുമാന്‍ തോക്, വൈറ്റ് വാള്‍, റിഡ്ജ് ഗാര്‍ഡന്‍, ഹിമാലയന്‍ സൂ പാര്‍ക്ക്, എം.ജി മാര്‍ഗ്, ലാല്‍ബസാര്‍, റൂംതെക് മൊണാസ്ട്രി എന്നിവയാണ് ഗാംഗ്ടോക്കിലും പരിസരത്തുമുള്ള കാഴ്ചകള്‍.

എ‌ത്തിച്ചേരാന്‍

പശ്ചിമബംഗാളിലെ സിലിഗുരി ബസ് സ്റ്റാന്‍റില്‍ നിന്ന് നിരവധി ബസുകള്‍ ഗാംഗ്ടോക്കിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ടാക്സി സര്‍വീസുകളും ധാരാളം ഉണ്ട്. ആറു മണിക്കൂറാണ് സിലിഗുരിയില്‍ നിന്ന് ഗാംഗ്ടോക്കിലത്തൊന്‍ വേണ്ട സമയം.

ഷിംലയിലെ കാഴ്ചകള്‍

ജനറല്‍ വില്യം റോസ് മാന്‍സ്ഫീല്‍ഡിന്റെ വസതിയായിരുന്ന വുഡ് വില്ല, 1977 ല്‍ ഹെറിറ്റേജ് ഹോട്ടലായി രൂപാന്തരം പ്രാപിക്കുകയുണ്ടായി. സോലന്‍ ബ്രേവറി, ദര്‍ലാഘട്, കാംന ദേവീക്ഷേത്രം, ജാക്കു പര്‍വ്വതം, ഗൂര്‍ഖാ ഗേറ്റ് തുടങ്ങിയവയാണ് ഷിംലയിലെ പ്രധാനപ്പെട്ട ആകര്‍ഷണ കേന്ദ്രങ്ങള്‍.

എത്തിച്ചേരാന്‍

ഷിംല, ചണ്ഡിഗഡ്, അമൃതസര്‍ ഭാഗങ്ങളില്‍ നിന്ന് റോഡുമാര്‍ഗം വരുന്നവര്‍ക്ക് യാത്ര എളുപ്പമാണ്. പ്രമുഖ നഗരങ്ങളില്‍നിന്ന് ഇവിടേക്ക് ബസ്സുണ്ട്. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും സ്വകാര്യ ബസുകളും ധാരാളം ഇങ്ങോട് സര്‍വീസ് നടത്തുന്നുണ്ട്. ഡല്‍ഹിയില്‍ നിന്നും എസി ബസ്സുകളും ലഭ്യമാണ്.

07. മനാലി, ഹിമാചല്‍ പ്രദേശ്

ഹിമാചല്‍പ്രദേശിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് മനാലി. കുളളു – മണാലി എന്നു കേള്‍ക്കാത്ത സഞ്ചാരപ്രേമികളുണ്ടാകില്ല എന്നതാണ് വാസ്തവം. സമുദ്രനിരപ്പില്‍ നിന്നും 1950 മീറ്റര്‍ ഉയരത്തിലാണ് കുള്ളു ജില്ലയുടെ ഭാഗമായ മനാലി സ്ഥിതിചെയ്യുന്നത്.

മനാലിയിലെ കാഴ്ചകള്‍

മനോഹരമായ മലനിരകളും പ്രകൃതിഭംഗിയുമാണ് മനാലിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, ഹഡിംബ ക്ഷേത്രം, സോലാംഗ് വാലി, റോതാംഗ് പാസ്, ബിയാസ് നദി എന്നിവയാണ് മനാലി യാത്രയില്‍ സന്ദര്‍ശകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. പാന്ഥോ ധാം, ചന്ദ്രകാനി പാസ്, രഘുനാഥ ക്ഷേത്രം, ജഗന്നഥി ദേവീക്ഷേത്രം എന്നിവയും മനാലിയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളാണ്.

എത്തിച്ചേരാന്‍

ഷിംല, ചണ്ഡിഗഡ്, അമൃതസര്‍ ഭാഗങ്ങളില്‍ നിന്ന് റോഡുമാര്‍ഗം വരുന്നവര്‍ക്കും മനാലിയിലെത്താന്‍ പ്രയാസമില്ല. ദില്ലി, അമൃതസര്‍ തുടങ്ങി പ്രമുഖ നഗരങ്ങളില്‍നിന്ന് ഇവിടേക്ക് ബസ്സുണ്ട്. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും സ്വകാര്യ ബസുകളും ധാരാളം ഇങ്ങോട് സര്‍വീസ് നടത്തുന്നുണ്ട്.