KOYILANDY DIARY

The Perfect News Portal

മഹാരാഷ്ട്ര – ഇന്ത്യയുടെ പ്രവേശന കവാടം

ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. വിനോദസഞ്ചാരഭൂപടത്തില്‍ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തിലും സമ്പദ്‌വ്യവസ്ഥയിലും നിര്‍ണായക സ്ഥാനമുണ്ട് മഹാരാഷ്ട്രയ്ക്ക്. നയനമനോഹരമായ പര്‍വ്വതങ്ങള്‍, നീണ്ടുപരന്നുകിടക്കുന്ന കടല്‍ത്തീരങ്ങള്‍, മ്യൂസിയങ്ങള്‍, സ്മാരകങ്ങള്‍, കോട്ടകള്‍ എന്ന് തുടങ്ങി ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തെയും കാഴ്ചകളെയും തൊട്ടറിയുവാനുള്ളതെല്ലാം മഹാരാഷ്ട്രയിലുണ്ട്. മഹാ എന്ന സംസ്‌കൃതവാക്കും രാഷ്ട്രകൂട രാജവംശത്തിലെ രാഷ്ട്ര എന്ന വാക്കും കൂടിച്ചേര്‍ന്നാണ് മഹാരാഷ്ട്ര എന്ന പേരുണ്ടായതെന്നാണ് ഒരു വിഭാഗത്തിന്റെ പ്രബലമായ വിശ്വാസം. മഹാ എന്ന സംസ്‌കൃതവാക്കിന് മഹത്തായ എന്നാണ് അര്‍ത്ഥം. അങ്ങനെയല്ല രാജ്യം എന്ന പദത്തിന്റെ സംസ്‌കൃതവാക്കായ രാഷ്ട്ര എന്ന വാക്കില്‍ നിന്നാണ് മഹാരാഷ്ട്ര എന്നതിലെ രാഷ്ട്ര എന്ന വാക്കിന്റെ ഉദ്ഭവം എന്ന് വിശ്വസിക്കുന്നവരും കുറവല്ല.

ചരിത്രത്തിലൂടെ

ബി സി രണ്ടാം നൂറ്റാണ്ടില്‍ ബുദ്ധമത വിശ്വാസികളുടെ ഗുഹകള്‍ കാണപ്പെട്ടു തുടങ്ങിയതോടെയാണ്  മഹാരാഷ്ട്രയുടെ ചരിത്ര ബാന്ധവം ആരംഭിക്കുന്നതെന്നാണ് വിശ്വാസം. ഏഴാം നൂറ്റാണ്ടില്‍ വിഖ്യാത ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാന്‍ സാങ്ങാണ് മഹാരാഷ്ട്രയെക്കുറിച്ച് ആദ്യമായി ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത്. ആറാം നൂറ്റാണ്ടില്‍ മഹാരാഷ്ട്രയിലെ ആദ്യത്തെ ഹിന്ദു രാജാവിനെക്കുറിച്ചും മറ്റ് രാജവംശങ്ങളെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ ഇവയിലേറ്റവും പ്രബലനും പ്രതിഭാശാലിയുമായിരുന്നു മഹാരാഷ്ട്രയുടെ ചരിത്രം തന്നെ തിരുത്തിയെഴുതാന്‍ പ്രാപ്തനായിരുന്ന ഛത്രപതി ശിവജി മഹാരാജ്. മറാത്താ രാജവംശത്തിന്റെ സ്ഥാപകനായ ശിവജി മുഗളന്മാരുമായി നിരന്തരം യുദ്ധത്തിലേര്‍പ്പെടുകയും മഹാരാഷ്ട്രയില്‍ അങ്ങിങ്ങോളം നിരവധി കോട്ടകള്‍ സ്ഥാപിക്കുകയും ചെയ്തു. ശിവജിയുടെ മരണശേഷം മകനായ സാംബാജിയുടെയും പിന്നീട് പേഷ്വന്മാരുടെയും കൈവശം എത്തിച്ചേര്‍ന്നു മഹാരാഷ്ട്രയുടെ അധികാരം. 1804 ല്‍ ജനറല്‍ വെല്ലസ്ലി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈവശമെത്തിച്ചു മഹാരാഷ്ട്രയുടെ ഭരണം. എങ്കിലും പേഷ്വന്മാര്‍ തന്നെ താല്‍ക്കാലിക ഭരണാധികാരികളായി ഇവിടെ തുടര്‍ന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ന് കാണുന്ന മഹാരാഷ്ട്ര സംസ്ഥാനം നിലവില്‍ വന്നത് 1960 ലാണ്. ബോംബെ (ഇന്നത്തെ മുംബൈ) ആണ് തലസ്ഥാന നഗരം.

Advertisements

കോട്ടകളുടെയും കുന്നിന്‍പുറങ്ങളുടെയും നാട്

വ്യത്യസ്തമായ നിരവധി കാഴ്ചകളുടെ സംഗമഭൂമിയാണ് വിനോദ സഞ്ചാര ഭൂപടത്തിലെ മഹാരാഷ്ട്ര. കോട്ടകളും കൂറ്റന്‍ പര്‍വ്വതങ്ങളും കൊടും കാടുകളും തീര്‍ത്ഥാടനകേന്ദ്രങ്ങളും കടല്‍ത്തീരങ്ങളുമെല്ലാം മഹാരാഷ്ട്രയുടെ കാഴ്ചകളില്‍ പെടും. ഏതാണ്ട് 350 കോട്ടകളുണ്ട് മഹാരാഷ്ട്രയില്‍ എന്നാണ് കണക്ക്. മഹാരാഷ്ട്ര ഭരിച്ചിരുന്ന രാജാക്കന്മാര്‍ക്ക് കോട്ടകളോടുള്ള പ്രണയം വെളിവാക്കുന്ന ഇവയില്‍ പലതും മറാത്ത വംശസ്ഥാപകനായ ശിവജിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഏകദേശം 13 കോട്ടകള്‍ ശിവജി നിര്‍മിച്ചതായി പറയപ്പെടുന്നു. മഹാരാഷ്ട്രയിലെ ഏറ്റവും പ്രസിദ്ധമായ കോട്ടകളാണ് ഇരട്ട കോട്ടകള്‍ എന്നറിയപ്പെടുന്ന വിജയ്ദുര്‍ഗും സിന്ധുദുര്‍ഗും. ശിവാജിയുടെ ജന്മസ്ഥലമായ ശിവ്‌നേരിയിലെ കോട്ടയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു കോട്ട. പൂനെയില്‍ നിന്നും 120 കിലോമീറ്റര്‍ അകലത്തിലായാണ് ശിവ്‌നേരി കോട്ട സ്ഥിതിചെയ്യുന്നത്. ശിവജിയും അഫ്‌സല്‍ ഖാനും തമ്മില്‍ നടന്ന ചരിത്രയുദ്ധത്തിന്റെ സ്മരണകളുള്ള പ്രതാപ്ഘട് കോട്ടയും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അജിന്‍ക്യ താര കോട്ട, മുറുദ് ജാഞ്ജിറ കോട്ട,, ഹരിശ്ചന്ദ്ര ഘട്ട് കോട്ട, ലോഹഘട്, വിസാപൂര്‍ കോട്ടകള്‍ എന്നിവയാണ് മഹാരാഷ്ട്രയിലെ മറ്റ് പ്രശസ്തമായ കോട്ടകള്‍.

കോട്ടകള്‍ കഴിഞ്ഞാല്‍പ്പിന്നെ മഹാരാഷ്ട്രയിലെ ഏറ്റവും ഉയരമേറിയ ആസ്വാദനക്കാഴ്ചകള്‍ എന്നുപറയാവുന്നത് മനംമയക്കുന്ന പര്‍വ്വതനിരകളാണ്. സഹ്യാദ്രിയുടെ മനോഹരദൃശ്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ പ്രകൃതിസ്‌നേഹിയായ ഏതൊരു സഞ്ചാരിയും ഇഷ്ടപ്പെടില്ല എന്നതില്‍ തര്‍ക്കിക്കാനിടയില്ല. ബ്രിട്ടീഷുകാര്‍ വേനല്‍ക്കാലം ചെലവഴിക്കാന്‍ വേണ്ടി കണ്ടെത്തിയ മനോഹരമായ കുന്നിന്‍പുറങ്ങളില്‍ പലതും ഇന്ന് തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ലോനാവാല, ഘണ്ടാല, മതേരാന്‍, പഞ്ചഗനി, മഹാബലേശ്വര്‍, സാവന്ത്വാഡി, ജവാഹര്‍, തോരണ്‍മല്‍ തുടങ്ങിയവയാണ് മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട ഹില്‍ സ്റ്റേഷനുകള്‍. മഹാനഗരങ്ങളായ മുംബൈയുടെയും പുനയുടെയും അടുത്താണ് എന്നതുകൊണ്ട് തന്നെ വിദേശികളായ വിനോദസഞ്ചാരികള്‍ മാത്രമല്ല, പ്രദേശവാസികളായ ആളുകളും ചെറുയാത്രകള്‍ക്കും വിനോദത്തിനുമായി ഇവിടങ്ങളിലെത്തുന്നു.

പ്രശസ്തമായ ഒട്ടനവധി മ്യൂസിയങ്ങളുടെ കേന്ദ്രം കൂടിയാണ് മഹാരാഷ്ട്ര. ചരിത്രപ്രേമികള്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് 13 പ്രധാന മ്യൂസിയങ്ങളാണ് മഹാരാഷ്ട്രയിലുള്ളത്. പുനെയിലെ ട്രൈബല്‍ മ്യൂസിയം, മുംബൈയിലെ പ്രിന്‍സ് ഓഫ് വെയില്‍സ്, ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറി തുടങ്ങിയവയാണ് ഇവയില്‍ പ്രധാനികള്‍. നാസിക്കിലെ കോയിന്‍ മ്യൂസിയത്തില്‍ നിന്നും ഇന്ത്യയിലെ നാണയങ്ങളുടെ ചരിത്രം സംബന്ധിച്ച വ്യക്തമായ ഒരു ചിത്രം ലഭിക്കും. നാഷണല്‍ കടല്‍ മ്യൂസിയം, ഛത്രപതി ശിവജി മ്യൂസിയം, മണി ഭവന്‍ മഹാത്മാ ഗാന്ധി മ്യൂസിയം എന്നിങ്ങനെ പോകുന്നു മഹാരാഷ്ട്രയിലെ മ്യൂസിയം കാഴ്ചകളുടെ നിര.

കോട്ടകളും കുന്നുകളും മാത്രമല്ല, മനോഹരമായ കടല്‍ത്തീരങ്ങളും മോടിയേറ്റുന്നതാണ് മഹാരാഷ്ട്രയുടെ വ്യത്യസ്തമായ കാഴ്ചകള്‍. മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ തുടങ്ങുന്നു മഹാരാഷ്ട്രയിലെ ബീച്ചുകളുടെ നിര. ബാസെന്‍ ബീച്ച്, സാഹസിക യാത്രികരെ കാത്തിരിക്കുന്ന വേല്‍നേശ്വറിലെയും ശ്രീവര്‍ദ്ധനിലെയും ഹരിഹരേശ്വറിലെയും ബീച്ചുകള്‍ തുടങ്ങിയവയാണ് മഹാരാഷ്ട്രയുടെ കടല്‍ക്കാഴ്ചകളില്‍ ചിലത്. മനംമയക്കുന്ന മായക്കാഴ്ചകളും അസ്തമയങ്ങളും കാണാന്‍ ദഹനു ബോര്‍ഡി ബീച്ചുകളും വിജയ് സിന്ധുദുര്‍ഗ് ബീച്ചുകളും ഉത്തമം.

വിനോദസഞ്ചാരത്തിനും സാഹസിക യാത്രയ്ക്കും മാത്രമല്ല ഉത്തമമായ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും സ്ഥലം കൂടിയാണ് മഹാരാഷ്ട്ര. മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന നാസിക്കിലെ കുംഭമേള, , മുംബൈയിലെ മുംബാദേവി ക്ഷേത്രങ്ങള്‍, ഔറംഗാബാദിലെ കൈലാസ ക്ഷേത്രം, ഷിര്‍ദ്ദി, പന്താര്‍പൂര്‍, ബാഹുബലി തുടങ്ങിയവയാണ് മഹാരാഷ്ട്രയിലെ ശ്രദ്ധേയമായ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. ഹാജി അലിയുടെ ശവകുടീരത്തിന് ഏകദേശം എട്ടു നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നാണ് വിശ്വാസം. മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട ഗുരുദ്വാരകളിലൊന്നാണ് നന്ദേഡിലെ തഖാത്ത് സച്കുണ്ഡ് ശ്രീ ഹസൂര്‍ അബ്ചാല്‍നഗര്‍ സാഹിബ്. പുനെയിലുള്ള ഓഷോ ആശ്രമമാണ് യോഗ ക്ലാസുകളും ധ്യാനവും നല്‍കുന്ന പ്രധാനപ്പെട്ട ഒരു ആത്മീയകേന്ദ്രം. ബാന്ദ്ര ഫെയറിന് പേരുകേട്ട മുംബൈയിലെ മൗണ്ട് മേരി ചര്‍ച്ചാണ് മഹാരാഷ്ട്രയിലെ പ്രശസ്തമായ പള്ളികളിലൊന്ന്.

ചരിത്രവും സംസ്‌കാരവും കോര്‍ത്ത അജന്തയിലെയും എല്ലോറയിലെയും ഗുഹാക്ഷേത്രങ്ങള്‍, എലിഫെന്റ ഗുഹകള്‍, മഹാലക്ഷ്മി ക്ഷേത്രം, മുംബൈയിലെ ഗേറ്റ് വേഓഫ് ഇന്ത്യഎന്നിങ്ങനെ മഹാരാഷ്ട്രയെ അടയാളപ്പെടുത്തുന്ന ചില കാഴ്ചകള്‍ കാണാതെ സഞ്ചാരികള്‍ മടങ്ങില്ല എന്നുറപ്പാണ്. ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഇതിന്റെ സാംസ്‌കാരിക വൈവിദ്ധ്യവും പ്രകൃതി ഭംഗിയുമാകട്ടെ ഏത് തരത്തിലുള്ള സഞ്ചാരികളെയും പിടിച്ചുനിര്‍ത്താന്‍ പോന്നതുമാണ്. ഇന്ത്യയെ കണ്ടെത്താന്‍ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ അവരേത് തരക്കാരും അഭിരുചിക്കാരുമകട്ടെ, മഹാരാഷ്ട്ര നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു സംസ്ഥാനമാണ് എന്നതില്‍ തര്‍ക്കമില്ല.