വീട്ടില്‍ തന്നെ കഞ്ചാവ് തോട്ടം; കോട്ടയത്ത് യുവാക്കള്‍ പിടിയില്‍

കോട്ടയം: കടുത്തുരുത്തി മേഖലയിലെ വീടുകളില്‍ വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ നശിപ്പിച്ച് എക്സൈസ്. ചില വീടുകളിലെ ടെറസുകളില്‍ യുവാക്കള്‍ അസാധാരണമായ കൂട്ടം ചേരുന്നു എന്ന സൂചനയെ തുടര്‍ന്നാണ് വിശദമായ പരിശോധനയില്‍ അലങ്കാരച്ചെടികള്‍ക്കൊപ്പം വളര്‍ത്തിയ കഞ്ചാവുചെടികളാണെന്നു കണ്ടെത്തിയത്. ചെടി പറിച്ചെടുത്തു നശിപ്പിച്ച സംഘം യുവാവിനെതിരെ കേസുമെടുത്തു.
ഇടുക്കിയിലും തമിഴ്നാട്ടിലും പോയി കഞ്ചാവ് വാങ്ങാന്‍ മടിയായതിനാലാണ് വീട്ടില്‍ കൃഷി തുടങ്ങിയതെന്നായിരുന്നു പൊലീസ് പിടികൂടിയ ഒരു യുവാവ് പറഞ്ഞത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഏഴോളം കേസുകളാണ് ഇത്തരത്തില്‍ കോട്ടയം ജില്ലയിലെ എക്സൈസ് പിടികൂടിയത്. യുവാക്കളാണ് കഞ്ചാവ് വളര്‍ത്തല്‍ പരീക്ഷണത്തിനു പിന്നില്‍.

വീടിന്റെ ടെറസിലും മുറ്റത്തും ഒക്കെയാണ് കഞ്ചാവ് കൃഷിചെയ്യുന്നത്. മുന്‍പ് ഇടുക്കിയിലും സമീപപ്രദേശങ്ങളിലുമായാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് കോട്ടയത്തും പതുക്കെ വ്യാപിക്കുകയാണെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. മുളക്കുളം പെരുവയില്‍ യുവാവ് വീട്ടുമുറ്റത്ത് വളര്‍ത്തിയിരുന്ന 33 കഞ്ചാവ് ചെടികളാണ് എക്സൈസ് പിടികൂടി കഴിഞ്ഞ ദിവസം നശിപ്പിച്ചത്.

