KOYILANDY DIARY.COM

The Perfect News Portal

വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം നല്‍കും

വയനാട് : മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ വയനാട് ജില്ലയില്‍ നേരിട്ട നാശനഷ്ടങ്ങള്‍ വിലയിരുത്തി വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയും വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് നാല് ലക്ഷം രൂപയും നല്‍കും. നിലവില്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്ന ഒരു കുടുംബത്തിന് 3,800 രൂപ വീതം നല്‍കും. വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം സഹായം നല്‍കും.ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സഹകരിച്ചാണ് നീങ്ങുന്നത്. അയല്‍ സംസ്ഥാനത്ത് നിന്നും സഹായം ലഭിക്കുന്നുണ്ട്.ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. റേഷന്‍ കാര്‍ഡ് മുതലായ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക് പ്രത്യേകം അദാലത്തുകള്‍ നടത്തി രേഖകള്‍ നല്‍കും. ഇതിനായി ഫീസ് ഈടാക്കില്ല.

Advertisements

അദാലത്ത് നടത്തുന്ന തീയതി അടിയന്തരമായി തീരുമാനിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിതായി മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ നല്‍കാനുള്ള നടപടി സ്വീകരിക്കും. ക്യാമ്ബുകളില്‍ സഹായം നേരിട്ടു നല്‍കുന്നതിനു പകരം ജില്ലാ കളക്ടര്‍ മുഖേന നല്‍കണം. ക്യാമ്ബുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ അതീവ ശ്രദ്ധ വേണം.

ജില്ലയിലെ പ്രധാന റോഡുകള്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. വൈത്തിരി പോലീസ് സ്റ്റേഷന്‍ എത്രയും വേഗം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പ്രളയബാധിത പ്രദേശങ്ങള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്റെ മാത്രം ഇടപെടലുകള്‍ മതിയാവില്ല.

ആരോഗ്യ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം ജനകീയ ഇടപെടലുകളും ഉണ്ടാവണമെന്നു മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *