വീടിന് ചുറ്റും വെള്ളം കയറിയതോടെ രോഗിയായ യുവാവ് ദുരിതത്തിൽ

കൊയിലാണ്ടി: കനത്ത മഴയിൽ വീടിന് ചുറ്റും വെള്ളം കയറിയതോടെ രോഗിയായ യുവാവ് ദുരിതത്തിൽ. കൊരയങ്ങാട് ഡിവിഷനിലെ വയൽപുരയിൽ പ്രദീപനും കുടുംബവുമാണ് വീട്ടിൽ നിന്നും പുറത്തിറങ്ങാനാകാതെ ദുരിതത്തിലായിരിക്കുന്നത്. പ്രായമായ അമ്മയും ഭാര്യയും മകളുമടങ്ങുന്ന ഈ കുടുംബത്തിന് ഓരോ ദിനവും പെയ്തൊഴിയുന്ന മഴ ആധിയുടെ തീമഴയായി മാറുകയാണ്.
ഏറെ നാളായി രോഗശയ്യയിലായ പ്രദീപന് ചികിത്സക്കോ മരുന്നിനോ വേണ്ടി കുടുംബാംഗങ്ങളോടൊത്ത് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണിപ്പോൾ. പ്രായമായ അമ്മയെ മറ്റൊരു ബന്ധുവീട്ടിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. വീടിനകത്ത് പോലും വെള്ളം കെട്ടി നിൽക്കുന്നതിനാൽ പ്രദീപനും കുടുംബവും നിസ്സഹാരായി രാപ്പകൽ തള്ളി തള്ളിനീക്കുകയാണ്. പ്രാഥമിക കർമ്മങ്ങൾ പോലും നിർവ്വഹിക്കാൻ പാട് പെടേണ്ട സ്ഥിതിയാണുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി ചികിൽസ മുടങ്ങിയിരിക്കുന്നതിനാൽ ശാരീരിക അസ്വസ്ഥതകളും ഏറി വരുന്നു. അധികൃതർ ഇടപെട്ടാൽ ഈ കുടുംബത്തിന്റെ പ്രതിസന്ധി പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതികരണം.

