വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീവച്ചു കത്തിക്കാന്‍ ശ്രമം

പേരാമ്പ്ര: ചെമ്പനോടയില്‍ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീവച്ചു കത്തിക്കാന്‍ ശ്രമം. അമ്മിയാം മണ്ണിലെ വെട്ടിക്കല്‍ സിബിയുടെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. കാറില്‍ നിന്നു തീ ഉയരുന്നതു കണ്ട സിബി പുറത്തെത്തി കിണറിന്റെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളമടിച്ചു കാറിലെ തീയണക്കുകയായിരുന്നു.
പേരാമ്പ്ര ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. കാറിന്റെ പിന്‍വശം കത്തിയിട്ടുണ്ട്. ഡീസലൊഴിച്ചാണു കാര്‍ കത്തിക്കാന്‍ ശ്രമം നടന്നതെന്നു സംശയിക്കുന്നു. തീയാളുന്നതിനിടയില്‍ ഒരാള്‍ ഓടിപ്പോകുന്നതു കണ്ടതായി സിബി പെരുവണ്ണാമൂഴി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്ധനം കൊണ്ടുവന്ന കന്നാസും കത്തിയനിലയില്‍ ചെരിപ്പും സംഭവസ്ഥലത്തു നിന്നു ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് ഓടി പോയ ആളെന്നു സംശയിക്കുന്നയാളെ കുറിച്ച് സിബി പൊലീസിനു സൂചന നല്‍കിയിട്ടുണ്ട്. പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

