വീടിനുചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടതിനെതുടര്‍ന്ന് കുടുംബങ്ങള്‍ ദുരിതത്തില്‍

പെരുവയല്‍: വീടിനുചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടതിനെതുടര്‍ന്ന് കുടുംബങ്ങള്‍ ദുരിതത്തില്‍. പെരുവയല്‍ താഴെ കല്ലേരിപറമ്പ് പാത്തുമ്മ, അലക്സ്, ടി.കെ. ഉണ്ണികൃഷ്ണന് എന്നിവരുടെ വീടുകളാണ് വെള്ളക്കെട്ടിലായത്. വെള്ളം ഒഴുകിപ്പോകാന്‍ ഡ്രൈനേജില്ലാത്തതിനാലാണ് ചെറിയ മഴ പെയ്യുമ്പോഴേക്കും വീടിന് ചുറ്റും വെള്ളക്കെട്ട് രൂപപ്പെടുന്നത്.
കല്ലേരി റോഡില്‍നിന്നും നേരെ ഇവരുടെ വീട്ടുമുറ്റത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. സമീപ പ്രദേശങ്ങള്‍ മണ്ണിട്ട് ഉയര്‍ത്തി കെട്ടിടങ്ങള്‍ വന്നതോടെയാണ് വീട്ടുകാര്‍ വെള്ളത്തിലകപ്പെട്ടത്. ഇതൊടെ ദുരങ്ങളില്‍ നിന്നുള്ള മലിനജലവും വരെ ഒഴുകിയെത്തുന്നുണ്ട്. ബാത്ത്റൂം വെള്ളത്തിലായതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മറ്റിടങ്ങള്‍ തേടുകയാണ് വീട്ടുകാര്‍. കിണറില്‍ മലിനജലം കലര്ന്നതിനാല് കുടിവെള്ളം പോലും മുട്ടിയിരിക്കുകയാണ്. പരാതികള്‍ നല്‍കിയിട്ടും ബന്ധപ്പെട്ട അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.

