KOYILANDY DIARY.COM

The Perfect News Portal

വി എസ് അച്യുതാനന്ദനെ താക്കീത് ചെയ്യാന്‍ സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു

തിരുവനന്തപുരം> പാര്‍ടി അച്ചടക്കം ലംഘിച്ചതിന് വി എസ് അച്യുതാനന്ദനെ താക്കീത് ചെയ്യാന്‍ സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പാര്‍ടി അച്ചടക്കം ലംഘിച്ചുവെന്ന പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് നടപടി. പാര്‍ടി സംഘടനാ തത്വങ്ങളും അച്ചടക്കവും പാലിച്ച് പ്രവര്‍ത്തിക്കാന്‍ വി എസിനോട് ആവശ്യപ്പെട്ടതായും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സിപിഐ എം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സമിതിയിലും വി എസ് ക്ഷണിതാവാണെന്ന് അദ്ദേഹത്തിന്റെ ഘടകം ഏതെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി യെച്ചൂരി പറഞ്ഞു. വി എസ് സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവാണ്. വോട്ടവകാശമില്ലെന്നതൊഴിച്ചാല്‍ വി എസിന് സംസ്ഥാന കമ്മിറ്റിയില്‍ എല്ലാ അവകാശവുമുണ്ടെന്നും ചോദ്യത്തിന് മറുപടിയായി യെച്ചൂരി പറഞ്ഞു.
കെഎസ്ഐഇ എംഡി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി എന്നിവര്‍ക്കെതിരായി ഉയര്‍ന്ന വിഷയം ചര്‍ച്ച ചെയ്തില്ലെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വ്യക്തിതാല്‍പര്യവും സ്വജന പക്ഷപാതിത്വവും പാടില്ലെന്നാണ് പാര്‍ടി നിലപാട്. ഈ വിഷയം കോടതിയില്‍ ഉള്ളതിനാല്‍ ചര്‍ച്ച ചെയ്തില്ല. ഇതേക്കുറിച്ച് സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് ശേഷം അടുത്ത കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.
എം എം മണിക്കെതിരായുള്ളത് ക്രിമിനല്‍ കേസാണ്. അതും യുഡിഎഫ് ഭരണകാലത്തെ അഴിമതിക്കേസും താരതമ്യം ചെയ്യാന്‍ കഴിയില്ല. ഈ കേസില്‍ കോടതിയുടെ അന്തിമ വിധി വരട്ടെ. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍അന്വേഷണം നടക്കുകയാണ്. ഇത് യുഡിഎഫ് മന്ത്രിമാരെ കുറിച്ച് വന്നതുപോലെയല്ല. അന്ന് പ്രഥമദൃഷ്ട്യാ കുറ്റം കണ്ടതിനാലാണ് രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയത്. ഈ കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റമില്ലെന്നും യെച്ചൂരി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Share news

Leave a Reply

Your email address will not be published. Required fields are marked *